
ന്യൂഡല്‍ഹി: ലോക്പാല്‍, ലോക്യുക്ത നിയമനം നിലവിലെ സാഹചര്യത്തില്‍ ഉടന്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തിലാണ് ലോക്പാല്‍ നിയമനം വൈകുന്നതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, നവിന് സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ അറിയിച്ചു.
കോമണ്‍ കോസ് എന്ന എന്‍.ജി.ഒയാണ് കോടതിയെ സമീപിച്ചത്. സംഘടനയ്കക്ക് വേണ്ടി ഹാജരായ ശാന്തി ഭൂഷണ് സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു. മന്ത്രിമാരുടെ വരെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ അധികാരമുള്ള സ്വതന്ത്ര ഏജന്‍സിയായ ലോക്പാലിനെ നിയമിക്കാന്‍ സര്‍ക്കാരിന് യാതൊരു താല്പര്യവുമില്ല. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം നടപ്പാകുന്നില്ലെങ്കില്‍ കോടതിക്ക് ഇടപെടാനുള്ള കടമയുണ്ടെന്നും ഭുഷണ്‍ പറഞ്ഞു.
ലോക്പാല്‍, ലോകായുക്ത ആക്ട്, 2013 പ്രകാരം ലോക്പാലിനെ നിയമിക്കണമെന്ന് സര്‍ക്കാരിനു നല്കിയ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചത്. ലോക്സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവായ മല്ലികാര്‍ജ്ജുന ഖാര്‍ഗയെ പ്രതിപക്ഷ നേതാവായി സര്‍ക്കാര്‍ നിയമിക്കാത്തതാണ് പ്രശ്നമായത്.
കൂടാതെ ലോക്പാല്‍ നിയമത്തില്‍ പാര്‍ലമെന്റ് 20 ല്‍ ഏറെ ഭേദഗതികള്‍ പരിഗണിച്ചുവരികയാണെന്നും ഭേദഗതി എന്ന്, എങ്ങനെ പാസാക്കണമെന്ന് ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ലെന്നും അതിനാല്‍ ഉത്തരവ് പറയുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ലോക്സഭാംഗങ്ങളുടെ പത്തിലൊന്ന് അംഗബലമില്ലാത്തതിനാലാണ് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിച്ചത്. 44 അംഗങ്ങള്‍ മാത്രമാണ് പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനുള്ളത്.
പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അല്ലെങ്കില്‍ അദ്ദേഹം നിര്‍ദേശിക്കുന്ന ഒരു ജഡ്ജി, ഈ നാല് അംഗങ്ങളുടെ നിര്‍ദേശപ്രകാരം പ്രസിഡന്റ് നിയമിക്കുന്ന ഒരു നിയമജ്ഞന് എന്നിവരുള്‍പ്പെടുന്നതാണ് ലോക്പാല്‍ സമിതി.






