ക്വാലാലംപുര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ദ്ധ സഹോദരന് കിം ജോംഗ് നാമിന്റെ മൃതദേഹം മലേഷ്യ ഉത്തര കൊറിയക്ക് വിട്ടു നല്‍കും. രാജ്യം വിടരുതെന്ന വിലക്ക് മറികടന്ന് ഉത്തര കൊറിയയില്‍ കഴിയുന്ന 9 പേരെ പകരം കൈമാറും. ഇരു ഭരണകൂടങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഉത്തര കൊറിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മൃതദേഹം കൈമാറാന്‍ തീരുമാനിച്ചതെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് വ്യക്തമാക്കി.
ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഫെബ്രുവരി 13നാണ് നാമിനെ വധിച്ചത്. വി.എക്സ് എന്ന ഉഗ്രവിഷം മുഖത്തേക്ക് സ്പ്രേ ചെയ്ത് നാമിനെ വധിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ അടക്കം മൂന്ന് പേരെ മലേഷ്യയില്‍ അറസ്റ്റ് ചെയ്തിരുന്നു.






