
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് പേനകള്‍ ഒഴിവാക്കാന്‍ തീരുമാനം. 'പ്ലാസ്റ്റിക് രഹിത ക്യാമ്പസ്' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 'കുസാറ്റി' ലെ വിദ്യാര്‍ത്ഥികളോട് മഷിപേന ഉപയോഗിക്കാനാണ് അധ്യാപകര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മഷി തീര്‍ന്ന് വലിച്ചെറിയുന്ന പേനകള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നീക്കം.
എന്നാല്‍, ഒറ്റയടിക്ക് പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിര്‍ത്താനാകില്ല. അതുകൊണ്ടു തന്നെ അധ്യാപകര്‍ക്ക് ഇടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഒരു വര്‍ഷത്തിനിടയില്‍ ബോധവത്കരണം നടത്തി അടുത്ത അധ്യയന വര്‍ഷം സര്‍കലാശാലയില്‍ മഷിപേനകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനാണ് നീക്കം. സര്‍വകലാശാല ബജറ്റിലും വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇക്കൊല്ലം മുതല്‍ തന്നെ കുസാറ്റില്‍ മഷി പേനകള്‍ അവതരിപ്പിക്കും. പ്ലാസ്റ്റിക് പേനകള്‍ക്ക് പുറമേ ബാനറുകള്‍ക്കും കുപ്പികള്‍ക്കും കുസാറ്റിന് കീഴിലുള്ള എല്ലാ കോളജുകളിലും നിയന്ത്രണം കൊണ്ടു വരാനും ആലോചനയുണ്ട്.






