
തിരുവനന്തപുരം: സമരം സംസ്ഥാന സര്‍ക്കാരിനെതിരേയല്ല നീതി നല്‍കാത്ത പോലീസിന് എതിരേയാണ് ജിഷ്ണുവിന്റെ മാതാവ് മഹിജ. നീതി കിട്ടും വരെ സമരത്തില്‍ നിന്നും പിന്നോക്കം പോകില്ലെന്നും മഹിജ വ്യക്തമാക്കി. കഴിഞ്ഞ് ദിവസം പോലീസ് ആസ്ഥാനത്ത് സമരം നടത്താന്‍ ശ്രമിച്ച് പോലീസ് മര്‍ദ്ദനത്തിനിരയായി മഹിജ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മഹിജയേയും ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തും ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ ഇന്ന് ആശുപത്രി വിട്ടേക്കില്ല എന്നാണ് സൂചന. ജിഷ്ണു ആഗ്രഹിച്ച സര്‍ക്കാരാണ് അധികാരത്തില്‍. അതുകൊണ്ട് എതിരൊന്നും പറയുന്നില്ലെന്നും മഹിജ പറഞ്ഞു. തന്നെയും കുടുംബത്തെയും ആക്രമിച്ചവര്‍ക്ക് എതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മഹിജ പറഞ്ഞു. മെഡിക്കല്‍ കോളേജിലും മഹിജ നിരാഹാരസമരം ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് ഇന്ന് മഹിജയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നുണ്ട്.
സമരത്തെ പോലീസ് നേരിട്ട രീതിയെ സംബന്ധിച്ച് രണ്ടഭിപ്രായങ്ങള്‍ നില നില്‍ക്കുകയാണ്. മുഖ്യമന്ത്രി പോലീസ് നടപടിയെ ന്യായീകരിച്ചെങ്കിലും ഒരു വിഭാഗം ഇപ്പോഴും എതിര്‍ക്കുകയാണ്. സമരം നേരിട്ട രീതി ശരിയായില്ലെന്നും നടപടി സ്വീകരിക്കും മുമ്പായി സ്ഥലത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥയെ ഉപയോഗിച്ച് ചര്‍ച്ച നടത്താമായിരുന്നു എന്ന അഭിപ്രായവും ഉയരുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ മിക്ക ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
ഒരു കാരണവശാലം പോലീസ് ആസ്ഥാനത്ത് സമരം നടത്താന്‍ അനുവദിക്കരുതെന്ന നിര്‍ദേശം കിട്ടിയിരുന്നെന്നാണ് പോലീസുകാര്‍ പറയുന്നത്. ഇന്ന് 11 മണിക്ക് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തും. മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മഹിജയെ പോലീസ് ആക്രമിച്ചതിനെ തുടര്‍ന്ന് ഇന്ന് യുഡിഎഫ് സംസ്ഥാനത്ത് സമരം വിളിച്ചിട്ടുണ്ട്.






