
കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത വിമര്‍ശിച്ച് എഴുത്തുകാരന് എം.മുകുന്ദന്. മുഖ്യമന്ത്രി ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ പോകണമായിരുന്നു. അതാണ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അതിനു കഴിയാത്തതാണ് പ്രശ്നം ഇത്രയും വഷളാക്കിയത്. ജിഷ്ണു കേസില്‍ നടന്നത് അവശ്യമായ സമരമാണ്. ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി അകലരുതെന്നും മുകുന്ദന് പറഞ്ഞു.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സംഭവിച്ചതാണ് എല്‍.ഡി.എഫ് സര്‍ക്കാരിനും സംഭവിക്കാന്‍ പോകുന്നത്. ആദ്യ മൂന്നാലു മാസം മെച്ചപ്പെട്ട ഭരണം കാഴ്ചവച്ച സര്‍ക്കാര്‍ പിന്നീട് തകര്‍ന്നടിയുന്ന കാഴ്ചയാണ് യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടായതെന്നും മുകുന്ദന് ഓര്‍മ്മിപ്പിച്ചു.
ജിഷ്ണു കേസില്‍ ആദ്യമായി പരസ്യ പ്രതികരണം നടത്തുന്ന സാഹിത്യകാരനാണ് ഇടതുപക്ഷ സഹയാത്രികന് കൂടിയായ മുകുന്ദന്. ജിഷ്ണുവിന്റെ കുടുംബം നടത്തിയ നിരാഹാര സമരത്തില്‍ സാംസ്കാരിക നായകന്മാര് അഭിപ്രായ പ്രകടനം നടത്താതിരുന്നതിനെ നടന് ജോയ് മാത്യൂ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. നോട്ട് കിട്ടാതാവുമ്പോള്‍ മാത്രം വാ തുറക്കുന്ന സാംസ്കാരിക നായകന്മാര്ക്ക് മുന്നില്‍ കണ്ടുള്ള ഒരു പ്രതിഷേധത്തിനും ഇനി നമ്മളില്ലെന്നായിരുന്നു ജോയ് മാത്യുവിന്റെ വിമര്‍ശനം.






