
ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്മാരില് ഒരാളും തകര്‍പ്പന്‍ ഏകദിന താരവുമായ മഹേന്ദ്രസിംഗ് ധോനിയെ ഇനി ട്വന്റി20 ക്രിക്കറ്റിന് കൊള്ളില്ലെന്ന് ഇന്ത്യയുടെ മുന്‍ നായകന് സൗരവ് ഗാംഗുലി. മികച്ച ഏകദിന താരമായ അദ്ദേഹത്തിന് പക്ഷേ ട്വന്റി 20 യില്‍ മികവ് നഷ്ടപ്പെട്ടിരിക്കുന്നെന്നും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഒരു അര്‍ദ്ധ ശതകം മാത്രമുള്ള അദ്ദേഹത്തിന്റെ റെക്കോഡ് മികച്ചതല്ലെന്നും ഗാംഗുലി പറഞ്ഞു.
ട്വന്റി20 യില്‍ ധോനി റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്നെന്ന വിലയിരുത്തലിലാണ് ഗാംഗുലി മറുപടി പറഞ്ഞത്. ഐപിഎല്‍ പത്താം സീസണില്‍ ഇതാദ്യമായി നായക തൊപ്പിയിലല്ലാതെ കളിക്കുകയാണ് ധോനി. റൈസിംഗ് പൂനെ ജയന്റ്സിന്റെ വെറും വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനായി ഓസ്ട്രേലിയന്‍ താരം സ്മിത്തിന് കീഴിലാണ് ധോനി ഇപ്പോള്‍ കളിക്കുന്നത്. ഈ സീസണില്‍ മൂന്ന് മത്സരം കളിച്ച താരം 12 നോട്ടൗട്ട്, അഞ്ച്, 11 എന്നിങ്ങനെയാണ് സ്കോര്‍ കണ്ടെത്തിയത്.
ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലേയും ഏറ്റവും മികച്ച നായകനെന്ന് വിലയിരുത്തപ്പെടുന്ന ധോനി പക്ഷേ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത ഒരിന്നിംഗ്സ് കളിക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. ട്വന്റി20 യില്‍ പരാജയപ്പെടുന്നെങ്കിലും ധോനി ഏകദിനത്തിന് ഇപ്പോഴും അനുയോജ്യന്‍ തന്നെയാണെന്നും ചാമ്പ്യന്‍സ് ട്രോഫി സംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്നും ഗാംഗുലി പറഞ്ഞു. റണ്‍സ് സ്കോര്‍ ചെയ്യുന്നു എന്നുണ്ടെങ്കില്‍ ധോനിയെ താന്‍ ടീമിലെടുക്കുമെന്നും പറഞ്ഞു.




