
ന്യൂഡല്‍ഹി: ജിഷ്ണുവിന്റെ മാതാവിന്റെ സമരം മകന് മരിച്ചതിലെ ഒരു മാതാവിന്റെ പ്രതിഷേധമാണെന്നും അതില്‍ ഗൂഡാലോചന ആരോപിക്കുന്ന സിപിഎമ്മിന്റെ വാദം ആരും അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ്ണു കേസില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജാള്യത മറയ്ക്കാനാണ് ഗൂഡാലോചന ആരോപിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വന്തം മകന് നഷ്ടപ്പെട്ടതിലുള്ള ദു:ഖത്തില്‍ ഡിജിപി ഓഫീസിലേക്ക് പോയ ഒരമ്മയ്ക്ക് നേരെയുണ്ടായ ആക്രമണം എങ്ങിനെ ഗൂഡാലോചന ആയെന്ന് അറിയില്ല. സിപിഎമ്മിനും സര്‍ക്കാരിനും വീഴ്ച പറ്റിയാല്‍ അക്കാര്യം സമ്മതിക്കാതെ എന്തെങ്കിലൂം കഥയുണ്ടാക്കുക പതിവാണ്. എപ്പോഴും ഇങ്ങിനെ തന്നെയാണെന്നും ജിഷ്ണുവിന്റെ മാതാവിന്റെ സമരം യുഡിഎഫ് ഏറ്റെടുത്തിട്ടില്ല. ഒരമ്മയ്ക്ക് നേരിടേണ്ടി വന്ന മര്‍ദ്ദനത്തിനും അപമാനത്തിനുമെതിരേ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു വികാരം ഏറ്റെടുക്കുക മാത്രമാണ് യുഡിഎഫ് ചെയ്തെതെന്നും പറഞ്ഞു.
നേരത്തേ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ സഹായത്തോടു കൂടി നടത്തിയ ഗൂഡതന്ത്രമായിരുന്നു പോലീസ് ആസ്ഥാനത്തേക്ക് നടന്ന സമരമെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ഡല്‍ഹിയില്‍ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.






