
ന്യൂഡല്‍ഹി: പഠിച്ചിറങ്ങിയാലുടന്‍ ജോലിയെന്ന യുവാക്കളുടെ സ്വപ്ന പദ്ധതിയായ പൊതുമേഖലയിലെ ക്യാമ്പസ് റിക്രൂട്ട്മെന്റ് പരിപാടിയുടെ കടയ്ക്കല്‍ കേന്ദ്ര സര്‍ക്കാര്‍ കത്തി വെയ്ക്കുന്നു. ബാങ്കുകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളും കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്ന പരിപാടി ഭരണഘടനാ ലംഘനം ചൂണ്ടിക്കാട്ടി നിയമമന്ത്രാലയത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിരാമമിടുന്നത്.
ക്യാമ്പസ് റിക്രൂട്ട്മെന്റുകള്‍ക്ക് സ്വകാര്യ കോളേജുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാത്രം ഉപയോഗിക്കുകയും ഗവണ്മെന്റ് കോളേജുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുമേഖലയിലെ ജോലിക്ക് വേണ്ടി കുട്ടികളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു മാത്രം തെരഞ്ഞെടുക്കുന്നത് ഒരു തരത്തിലുള്ള വിവേചനമാണെന്ന് മദ്രാസ് ഹൈക്കോടതി 2015 സെപ്തംബര്‍ 7 ന് നടത്തിയ നിരീക്ഷണം നിയമകാര്യ മന്ത്രാലയം അടുത്തിടെ ശരി വെച്ചിരുന്നു. സര്‍ക്കാര്‍ കോളേജുകളെ ഒഴിവാക്കി സ്വകാര്യ കോളേജുകള്‍ക്ക് മുന്‍ഗണന നല്കുന്ന ഈ പരിപാടി 2014 ല്‍ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇത് മറ്റുള്ള കുട്ടികളുടെ മൗലീകാവകാശങ്ങളുടെ ലംഘനമായി കണക്കാക്കണമെന്ന് 2013 ഏപ്രില്‍ മാസം ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണം സുപ്രീംകോടതി ശരി വെയ്ക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ ഇന്ത്യയിലെ വിവിധ കോടതികള്‍ നടത്തിയ നിരീക്ഷണങ്ങളെ പൊതുവാക്കി സുപ്രീംകോടതി നിയമം പ്രഖ്യാപിക്കുകയായിരുന്നു. 2013 ആംസ്റ്റില് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരേ സോണാലി പ്രമോദ് എന്നയാളാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്്. സ്ഥിര നിയമനങ്ങള്‍ക്കുള്ള ഒഴിവുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആകണമെന്ന് അതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കാനുള്ള മൗലീകാവകാശത്തിന്റെ ലംഘനം എന്നായിരുന്നു ഇതിന് ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണം.
ചില പ്രത്യേക ആള്‍ക്കാര്‍ക്ക് വേണ്ടി മാത്രം റിക്രൂട്ട്മെന്റ് പരിപാടികള്‍ സംഘടിപ്പിക്കുന്ന ഇത്തരം നടപടി ദീര്‍ഘകാലത്തേക്ക് ഏത് കോളേജായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും പിന്തുടരുന്നത് നല്ല കാര്യമല്ല. അനേകം സ്വകാര്യ സ്ഥാപനങ്ങളും ബാങ്കുകളുമാണ് വിവിധ കോളേജുകള്‍ സന്ദര്‍ശിച്ച് തങ്ങള്‍ക്ക് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി തെരഞ്ഞെടുക്കുന്നത്.






