
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം രാജ്യ തലസ്ഥാനത്തെ മെട്രോ സ്റ്റേഷനിലെ ടെലിവിഷന്‍ സ്ക്രീനില്‍ കണ്ടത് അശ്ലീല ദൃശ്യങ്ങള്‍. ഏപ്രില്‍ ഒമ്പതിനാണ് രാജീവ് ചൗക്കിലെ മെട്രോ സ്റ്റേഷനിലുള്ള എല്‍ഇഡി ടി.വി സ്ക്രീനില്‍ ഇത്തരത്തില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചത്. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സ്ഥാപിച്ച ടെലിവിഷന്‍ സ്ക്രീനിലാണ് വീഡിയോ വന്നത്.
നിരവധിയാളുകള്‍ എത്തുന്ന സ്റ്റേഷനില്‍ ഏറ്റവും തിരക്കുള്ള സമയത്താണ് ഇത് പ്രദര്‍ശിപ്പിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഏതാനും മിനിട്ടുകളോളം നീണ്ടുനിന്ന വീഡിയോ ദൃശ്യമായത്. ഒരു യാത്രക്കാരന് ഇത് മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം അന്വേഷിക്കുന്നതിന് ഡി.എം.ആര്.സി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് മൊബൈലില്‍ നിന്നും ആരോ ചെയ്ത പണിയാണിത് എന്നാണ് പ്രാധമിക വിലയിരുത്തല്‍. സുരക്ഷാക്യാമറയുടെ ദൃശ്യങ്ങള്‍ തിരഞ്ഞശേഷം മൂന്ന് പേരാണ് ഇതിന് പിന്നില്‍ എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇത്ര നിസ്സാരമായി ഹാക്ക് ചെയ്യാവുന്നതാണോ മെട്രോ സ്റ്റേഷനിലെ സുരക്ഷയെന്ന വാദവുമായി ആളുകള്രംഗത്തുവന്നിട്ടുണ്ട്.
ദിവസേന അഞ്ചുലക്ഷത്തോളം ആളുകള്‍ എത്തുന്ന തിരക്കുള്ള മെട്രോ സ്റ്റേഷനാണ് രാജീവ് ചൗക്ക് മെട്രോ സ്റ്റേഷന്. നേരത്തേയും 2015ല്‍ കേരളത്തിലെ ഒരു ബസ് സ്റ്റാന്‍ഡിലും ഇത്തരത്തില്‍ ഒരു ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അത് ഏകദേശം 30 മിനിട്ടുകള്‍ നീണ്ടുനിന്നിരുന്നു.






