
ന്യൂഡല്‍ഹി : ദേശീയ പതാകയെ വിചിത്രമായി വ്യാഖ്യാനിച്ചുകൊണ്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ഗൗതം ഗംഭീറിന്റെ ട്വീറ്റ് വിവാദമാകുന്നു. കുങ്കുമം കോപാഗ്നിയെയും, വെള്ള ജിഹാദികളുടെ ശവംപൊതിയാനുള്ള തുണിയെയും, പച്ച തീവ്രവാദത്തോടുള്ള വെറുപ്പിനെയും സൂചിപ്പിക്കുന്നുവെന്നാണ് ഗംഭീര്‍ ആഞ്ഞടിച്ചത്. കശ്മീരിലെ കല്ലേറ് സംബന്ധിച്ച ട്വീറ്റുകളും ഗംഭീറിനെ ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. ദേശീയ പതാകയുടെ നിറങ്ങളെ തെറ്റായി ചിത്രീകരിച്ച ഗംഭീറിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം കശ്മീര്‍ താഴ്വരയില് തെരഞ്ഞെടുപ്പിനിടെ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെയുണ്ടായ കല്ലേറ് സംബന്ധിച്ച ട്വീറ്റും ചര്‍ച്ചയായിരുന്നു. സൈനികര്‍ക്ക് നേരെയുള്ള ഓരോ അടിക്കും, നൂറ് ജിഹാദികളുടെ ദീവനെടുക്കണമെന്ന് ഗംഭീര്‍ തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. ആസാദി വേണ്ടവര്‍ രാജ്യം വിടണമെന്നും, കാശ്മീര്‍ തങ്ങളുടേതാണെന്നും ഗംഭീര്‍ തന്റെ ട്വീറ്റില്‍ പറയുന്നു. വന്‍ വരവേല്‍പ്പായിരുന്നു ട്വീറ്റിന് ലഭിച്ചത്.
ഇതിനിടെ, സൈന്യത്തെ കുറ്റപ്പെടുത്തി യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത് കണ്ടില്ലേ എന്നുള്ള ഒറ്റപ്പെട്ട ചോദ്യങ്ങളും ട്വീറ്റിനെതിരെ ഉയര്‍ന്നിരുന്നു. എന്തിരുന്നാലും പതിനായിരത്തിലേറെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തു.
അതേസമയം, സൈനികരെ പിന്തുണച്ച് കയ്യടി നേടിയ ഗംഭീര്‍, ദേശീയ പതാകയുടെ പേരില്‍ ഇപ്പോള്‍ കല്ലേറ് നേരിടുകയാണ്.






