കൊച്ചി: ഗവണ്മെന്റിനെതിരെ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്ന് മന്ത്രി ജി.സുധാകരന്. ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെതിരെയാണ് മന്ത്രിയുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഒരേസമയം പാര്‍ട്ടിക്കാരനായി നില്‍ക്കുകയും സര്‍ക്കാരിനെതിരെ പറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരം മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ വോട്ട് എല്‍ഡിഎഫില്‍ നിന്നും പുറത്തു പോയിട്ടില്ലെന്നും സുധാകരന് അറിയിച്ചു.
മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പുറത്തുവന്നതെല്ലാം കെട്ടുകഥകളാണ്. സമരം കൊണ്ട് എന്തുനേടി എന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ അമ്മയുടെ കൂടെയുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് തങ്ങളെ ശത്രുപക്ഷത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അവരെ കളിപ്പാവയായി വച്ചു കൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ കൂടെ നിന്ന് എന്തൊക്കെയാണ് അമ്മാവനായ ശ്രീജിത് പറഞ്ഞതെന്നും മന്ത്രി ചോദിച്ചു. ശ്രീജിത്ത് മഹിജയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണമായിരുന്നു. ഇപ്പോള്‍ ചെയ്തത് സര്‍ക്കാര്‍ നേരത്തെയും ചെയ്യുമായിരുന്നുവെന്നും ജി. സുധാകരന് ചൂണ്ടിക്കാട്ടി.






