
ഛണ്ഡിഗഡ്: ഡല്‍ഹി നഗരസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഡല്‍ഹിയിലും പഞ്ചാബിലും അടക്കം നിരവധി നേതാക്കള്‍ രാജി നല്കി. ഡല്‍ഹി കണ്‍വീനര്‍ ദിലീപ് പാണ്ഡെ, പഞ്ചാബില്‍ ആം ആദ്മിയുടെ ചുമതലയുള്ള സഞ്ജയ് സിങ്, ദുര്‍ഗേഷ് പഠക് തുടങ്ങിയവര്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിന് രാജി നല്കി.
കഴിഞ്ഞ ദിവസവും ആപ്പിന്റെ നേതാക്കള്‍ ഇത്തരത്തില്‍ രംഗത്തുവന്നിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ തയാറാണെന്ന് കാണിച്ച് വനിത നേതാവ് അല്‍ക ലംബ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് പുറമെ വ്യാഴാഴ്ച രാവിലെ കെജ്രിവാള് തെന്റ വസതിയില്‍ വിളിച്ചുേചര്‍ത്ത യോഗത്തില്‍ ദിലീപ് പാണ്ഡെയ്ക്ക് പകരം ഡല്‍ഹി കണ്‍വീനര്‍ സ്ഥാനം മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗോപാല്‍ റായിക്ക് നല്കി.
ബിജെപി പണം വാഗ്ദാനം ചെയ്താലും പോകരുതെന്നും കേജ്രിവാള് ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം സാഹചര്യമുണ്ടെങ്കില്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ അറിയിച്ചു.
അതേസമയം, പാര്‍ട്ടിക്ക് അടുത്തിടയുണ്ടായ പരാജയങ്ങളില്‍ പഞ്ചാബ് എം.പി ഭഗവന്ത്മാന് രംഗത്തുവന്നു. പ്രാദേശിക ക്രിക്കറ്റ് ടീം നടത്തുന്ന പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു. വോട്ടുയന്ത്രങ്ങളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനു പകരം പാര്‍ട്ടിയുടെ തോല്‍വിക്കുള്ള കാരണങ്ങളാണ് കണ്ടെത്തേണ്ടത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.






