പരസ്പര വിശ്വാസമില്ലാത്തവര്‍ ഒരു കൂരയ്ക്ക് കീഴില്‍ കഴിയുന്നതിന് തുല്യമാണ് സി.പി.എം-സി.പി.ഐ മുന്നണി ബന്ധം. കമ്മ്യൂണിസ്സ് പാര്‍ട്ടി പിളര്‍ന്ന് രണ്ട് പാര്‍ട്ടി ആയപ്പോഴും പിന്നീട് ഒരു മുന്നണിയില്‍ വന്നുവെങ്കിലും പരസ്പരമുള്ള അവിശ്വാസത്തിന് കുറവില്ല. സി.പി.എം വിരുദ്ധതയിലാണ് സി.പി.ഐയുടെ നിലനില്‍പ്പ് തന്നെ. ദേശീയ തലത്തില്‍ വിശാല ഇടത് സഖ്യം സാധ്യമല്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്കൊപ്പം ചേരണമെന്നും സി.പി.ഐയില്‍ അഭിപ്രായം ശക്തമാണ്. അതുകൊണ്ട് തന്നെ സി.പി.ഐ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ അനുകൂല സാഹചര്യമൊരുക്കുന്നുവെന്ന് കോടിയേരി സി.പി.എം സംസ്ഥാന സമിതിയില്‍ പറഞ്ഞതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല.
സി.പി.ഐയ്ക്ക് സി.പി.എമ്മിനേക്കാള്‍ യോജിപ്പ് കോണ്‍ഗ്രസിനോടാണ്. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിട്ടിട്ടുള്ള സി.പി.ഐയ്ക്ക കോണ്‍ഗ്രസ് ബാന്ധവം വലിയ ബുദ്ധിമുള്ള കര്യമല്ല. അടിയന്തരാവസ്ഥയെ അടക്കം പിന്തുണയ്ക്കുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ കോണ്‍ഗ്രസിനൊപ്പം അധികാരം പങ്കിടുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.ഐ. പല തദ്ദേശ സ്ഥാപനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസുമായി സി.പി.ഐ സഹകരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം ഇടതുമുന്നണിയിലെ മൂപ്പിളമ തര്‍ക്കങ്ങളെ കാണാന്‍. സി.പി.എം പുറത്താക്കി എന്ന പ്രതീതി സൃഷ്ടിച്ച് കോണ്‍ഗ്രസ് ബാന്ധവം സ്ഥാപിക്കാനാണ് സി.പി.ഐയുടെ ശ്രമം.
എം.എം ഹസന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.ഐയെ പരോക്ഷമായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ തലത്തില്‍ ഇടതുപക്ഷത്ത് നില്ക്കുന്ന ആര്.എസ്.പിയും ഫോര്‍വേഡ് ബ്ലോക്കും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഈ വഴി പിന്തുടരാനാണ് സി.പി.ഐ ശ്രമം. ഒന്നാം യു.പി.എ സര്‍ക്കാരില്‍ മന്ത്രിസഭയില്‍ ചേരണമെന്ന സി.പി.ഐയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ സി.പി.എം ഉടക്കിട്ടതാണ് സി.പി.ഐയുടെ മോഹത്തിന് വിലങ്ങുതടിയായത്. ഇത്തരത്തില്‍ നിരവധി വിഷയങ്ങളാണ് സി.പി.എമ്മിനെതിരെ ആഞ്ഞടിക്കാന്‍ സി.പി.ഐയെ പ്രേരിപ്പിക്കുന്നത്. ഒപ്പം സി.പി.ഐയിലെ വിഭാഗീയതയില്‍ മേല്‍ക്കൈ നേടുക എന്ന ലക്ഷ്യും കാനത്തിനുണ്ട്.
യു.എ.പി.എ, മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, മൂന്നാര്‍ അടക്കം ഏത് വിഷയവും സി.പി.എമ്മിന് നേരെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ തിരിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രത്യേകം ശ്രമിക്കുന്നത് കാണാം. ഇപ്പോള്‍ വിവാദമായ യു.എ.പി.എ കേസുകളില്‍ 26 എണ്ണം മാത്രമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് എടുത്തിട്ടുള്ളത്. ബാക്കി കേസുകള്‍ യു.ഡി.എഫിന്റെ സംഭാവനയാണ്. എന്നാല്‍ അന്നൊന്നും കാനം ഇത്ര ശക്തമായി യു.എ.പി.എയെ എതിര്‍ത്തിരുന്നില്ല. മൂന്നാര്‍ കയ്യേറ്റത്തിന്റെ കാര്യത്തിലാണെങ്കിലും ടാറ്റയുടെ കയ്യേറ്റത്തിനോട് കാനത്തിന് എതിര്‍പ്പില്ല.
കയ്യേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്തിയാല്‍ ടാറ്റയ്ക്ക് അങ്ങോട്ട് ഭൂമി കെടുക്കേണ്ടി വരുമെന്ന് കാനം ഇടതു മുന്നണിയില്‍ പറഞ്ഞുവെന്നാണ് കോടിയേരിയുടെ വെളിപ്പെടുത്തല്‍. കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഒന്നാം മൂന്നാം ദൗത്യം പരാജയപ്പെടുത്തിയത് സി.പി.ഐയാണ്. സി.പി.ഐയുടെ ഓഫീസില്‍ തൊട്ടപ്പോഴാണ് വി.എസിന്റെ പൂച്ചയ്ക്ക് മൂന്നാറില്‍ നിന്നും തിരിച്ചിറങ്ങേണ്ടി വന്നത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സി.പി.ഐ നിലപാട് എത്രമാത്രം ആത്മാര്‍ത്ഥമാണെന്ന് പൊതുജനം സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. വിവാദങ്ങളുടെ മറവില്‍ കോണ്‍ഗ്രസ് ബാന്ധവത്തിന് കോപ്പ് കൂട്ടുകയാണെന്ന് കോടിയേരി പറയുമ്പോള്‍ അതില്‍ വാസ്തവമില്ലാതില്ല.
ബി.ജെ.പിയെ എതിര്‍ക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ സി.പി.എമ്മിനും അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ കേന്ദ്രത്തില്‍ ഒന്നിച്ചു നില്‍ക്കുകയും പാര്‍ട്ടിക്ക് സ്വാധീനമുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ എതിര്‍ക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് അവരെ കുഴയ്ക്കുന്നത്. അതുകൊണ്ടു തന്നെ സി.പി.എം-സി.പി.ഐ ചക്കളത്തിപോര് എത്ര നാള് തുടരുമെന്ന് കണ്ടറിയണം.





