
മലയാളി താരങ്ങള്‍ ഏറ്റുമുട്ടിയ ഐപിഎല്‍ മത്സരത്തില്‍ സഞ്ജുസാംസന്റെ ഉജ്വല ബാറ്റിംഗില്‍ ഡെല്‍ഹിക്ക് ജയം. സുരേഷ് റെയ്നയുടെ ഗുജറാത്ത ലയണ്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ഐപിഎല്ലില്‍ നാലാമത്തെ വിജയമാണ് സ്വന്തമാക്കിയത്. 24 പന്തില്‍ തന്റെ അര്‍ദ്ധശതകം കുറിച്ച സഞ്ജു ഏഴ്് സിക്സറുകളാണ് പറത്തിയത്. ഇതില്‍ ഒരെണ്ണം ഐപിഎല്‍ പത്താം സീസണിലെ മികച്ച ബൗളര്‍മാരില്‍ പെടുന്ന ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസില്‍ തമ്പിക്കിട്ട് ആയിരുന്നു.
ഋഷഭ് പന്തും സഞ്ജു സാംസണും നടത്തിയ വെടിക്കെട്ടായിരുന്നു കളി നിര്‍ണ്ണയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ 208 എന്ന സ്കോര്‍ 17.3 ഓവറില്‍ ഡല്‍ഹി മറികടന്നു. ഏഴു വിക്കറ്റിന് ഡല്‍ഹി ജയിക്കുമ്പോള്‍ 15 പന്ത് ബാക്കിയായിരുന്നു. 43 പന്തില്‍ പന്ത് 97 റണ്‍സെടുത്തപ്പോള്‍ 31 പന്തില്‍ സഞ്ജു 61 റണ്‍സ് നേടി. രണ്ടാം വിക്കറ്റില്‍ ഒത്തുകൂടിയ പന്ത്-സഞ്ജു കൂട്ടുകെട്ട് 10 ഓവറില്‍ 143 റണ്‍സാണ് അടിച്ചത്.
തകര്‍പ്പന്‍ ഫോമിലായിരുന്ന സഞ്ജു പ്രദീപ് സംഘ്വാനെ പറത്തിയാണ് സിക്സര്‍ അടി തുടങ്ങിയത്. ഡീപ് മിഡ് വിക്കറ്റില്‍ സംഘ്വാനെ പറത്തിയ സഞ്ജു രണ്ടാം സിക്സര്‍ അടിച്ചത് ബേസില്‍ തമ്പിക്കിട്ടായിരുന്നു. സ്ക്വയര്‍ ലഗിലേക്കായിരുന്നു പന്ത് പായിച്ചത്. സുരേഷ് റെയ്നയെ ഡീപ് മിഡ്വിക്കറ്റിലേക്ക് വിട്ട് മൂന്നാം സിക്സറും അങ്കിത് സോണിക്കെതിരേ രണ്ടു സിക്സറുകളും നേടി. ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കിട്ടായിരുന്നു സഞ്ജുവിന്റെ അവസാന രണ്ടു സിക്സറുകള്‍.
ജഡേജയ്ക്കെതിരേ ആദ്യ സിക്സ് സ്റ്റാന്റില്‍ ഒരു ആരാധകന്റെ കയ്യിലാണ് എത്തിയത്. രണ്ടാം പന്ത് ഡീപ് എക്സ്ട്രാ കവറിലൂടെ പറത്തി. ഒടുവില്‍ ജഡേജ തന്നെ സഞ്ജുവിന്റെ വിക്കറ്റും എടുത്തു. ജയിംസ് ഫൗള്ക്നറിനായിരുന്നു ക്യാച്ച്. മറുവശത്ത് നാല് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്ത ബേസില്‍ തമ്പി തകര്‍പ്പന്‍ ഫോമിലായിരുന്നു ഋഷഭ് പന്തിന്റെ വിക്കറ്റ് നേടി. ദിനേശ് കാര്ത്തിക്കാനയിരുന്നു ക്യാച്ച്.
നേരത്തേ 31 ാം ഐപിഎല്‍ അര്‍ദ്ധസെഞ്ച്വറി കുറിച്ച നായകന് സുരേഷ് റെയ്ന ഇന്ത്യന്‍ മണ്ണിലെ 20 ട്വന്റിയില്‍ 5000 റണ്‍സ് തികച്ചു. അഞ്ചു ഫോറിന് പുറമേ നാലു സിക്സര്‍ കൂടി നേടിയ റെയ്ന ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഇന്ത്യന്‍ താരവുമായി. 43 പന്തില്‍ 77 റണ്‍സാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നേടിയത്. നാലാമനായി എത്തിയ ദിനേശ് കാര്‍ത്തിക് 34 പന്തില്‍ 65 റണ്‍സ് അടിച്ചിരുന്നു.





