
എവറസ്റ്റാരോഹണത്തിന് നേപ്പാള്‍ സര്‍ക്കാര്‍ വെച്ചിരിക്കുന്ന ഫീസ് അടയ്ക്കാത്ത പര്‍വതാരോഹകനെ 20,000 അടി ഉയരത്തിലുള്ള ഗുഹയില്‍ നിന്നും അധികൃതര്‍ കണ്ടെത്തി. ദക്ഷിണാഫ്രിക്കക്കാരന് റയാന് സീന്‍ ഡേവി എന്ന പര്‍വ്വതാരോഹകനാണ് പിടിയിലായത്.
ഇയാളുടെ പാസ്പോര്‍ട്ട് തടഞ്ഞു വെയ്ക്കുകയും 22,000 ഡോളര്‍ പിഴയിടുകയും ചെയ്തിട്ടുണ്ട്. എവറസ്റ്റ് കയറാന്‍ എത്തുന്ന വിദേശികള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ 11,000 ഡോളര്‍ ഫീസ് നടപ്പിലാക്കിയിട്ടുണ്ട്. ബേസ് ക്യാമ്പിനടുത്ത ഒരാളെ തനിയെ കാണാന്‍ ഇടയായെന്നും അടുത്തേക്ക് ചെന്നപ്പോള്‍ ഇയാള്‍ ഓടിക്കളഞ്ഞെന്നും നേപ്പാള്‍ ലെയ്സന്‍ ഓഫീസര്‍ ഗ്യാനേന്ദ്ര ശ്രേഷ്ഠ പറഞ്ഞു. താന്‍ മറ്റൊരു സുഹൃത്തുമായി ഇയാളുടെ പിന്നാലെ ഓടുകയും ഒരു ഗുഹയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഇയാളെ പിടിക്കുകയുമായിരുന്നു.
ഉദ്യോഗസ്ഥര്‍ പിടിക്കാതിരിക്കാന്‍ ഒറ്റപ്പെട്ട സ്ഥലമായിരുന്നു ഇയാള്‍ പര്‍വതാരോഹണത്തിനായി തെരഞ്ഞെടുത്തത്. മിക്കവരും ബേസ് ക്യാമ്പിലെ സപ്പോര്‍ട്ടിംഗ് ടീമിന്റെ സഹായവും ഏറ്റവും കുറഞ്ഞത് ഒരു ഷേര്പ്പയെയെങ്കിലും ഗൈഡായും സ്വീകരിക്കാറുണ്ട്. അഞ്ചു വര്‍ഷത്തേക്ക് ഡാവിയെ നേപ്പാളില്‍ നിന്നും പത്തു വര്‍ഷത്തേക്ക് ഈ രാജ്യത്ത് നിന്നും പര്‍വ്വതാരോഹണം നടത്തുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. ബേസ് ക്യാമ്പിനും ക്യാമ്പ് വണ്ണിനും ഇടയിലെ ഖുംബു ഐസ് ഫാളില്‍ നില്ക്കുന്ന രീതിയില്‍ ഇയാളുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആറു മണിക്കൂറുകള്‍ കൊണ്ട് താന്‍ 23,000 അടി ഉയരത്തില്‍ വരെ എത്തിയതായി തന്നെ സംവിധായകനെന്നും നിര്‍മ്മാതാവെന്നും സ്വയം പരിചയപ്പെടുത്തിയ ഡാവി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. തന്റെ പാസ്പോര്‍ട്ട് വാങ്ങാന്‍ എവറെസ്റ്റില്‍ നിന്നും കാഠ്മണ്ഠു വരെ പോകാന്‍ പോലുമുള്ള വിമാന ചാര്‍ജ്ജ് തന്റെ കയ്യിലില്ലായിരുന്നു എന്നും നടക്കുന്നതിന് പകരം ബസില്‍ പോകണമെന്നു വെച്ചാല്‍ നാലു ദിവസം എങ്കിലും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.






