കണ്ണൂര്‍: രാമാന്തളിയില് ആര്‍എസ്എസ് നേതാവിന്റെ കൊലയുടെ മുഖ്യാസൂത്രകന്‍ അടക്കം രണ്ട് പേര് പിടിയില്‍. റെനീഷും വിപിനുമാണ് പിടിയിലായത്. കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുള്ളതായാണ് സംശയിക്കുന്നത്. ഇതില്‍ റെനീഷ് ലോറി ഡ്രൈവറാണ്. റെനീഷ് സിപിഎം പ്രവര്‍ത്തകനാണെന്നും സൂചനകളുണ്ട്.
രാമന്തളിയില്‍ നിന്നുമാണ് ഇരുവരേയും പോലീസ് പിടികൂടിയത്. ഇന്നലെ കൊലയാളികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കണ്ടെത്തിയിരുന്നു. രാമന്തളി സ്വദേശിയുടേതാണ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാര്‍. ഈ വാഹനം കൊല്ലപ്പെട്ട ബിജു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.
ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവാണ് കഴിഞ്ഞദിവസം അക്രമികളുടെ വെട്ടേറ്റു കൊല്ലപ്പെട്ടത്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍നിന്നു ബൈക്കില്‍ വരികയായിരുന്ന ബിജുവും സുഹൃത്ത് രാജേഷും സഞ്ചരിച്ച ബൈക്കിനെ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന ഏഴുപേരില്‍ നാലു പേരാണു ബിജുവിനെ ആക്രമിച്ചതെന്നാണു മൊഴി.
കാര്‍ ഉടമ ബിനോയ്, വാടകയ്ക്കെടുത്ത ഡ്രൈവര്‍ ജിതേഷ് എന്നിവരെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്ന് കണ്ട പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു






