
തിരുവനന്തപുരം/കണ്ണൂര്‍: കണ്ണൂര്‍ ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പോലീസ്. കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ പി. നിഥിന്‍ രാജിന്റെ നിര്‍ദേശപ്രകാരം എ.സി: പി.ആര്‍ ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക.
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ രേഖപ്പെടുത്തി. സൈബര്‍ സെല്ലിന്റെ വിദഗ്‌ധ സംഘമുള്‍പ്പെടെയുള്ള ഏഴംഗ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍ രാജ് പറഞ്ഞു.
അതിനിടെ ലോണ്‍ ആപ്പില്‍നിന്ന് നിതിന്‍ രാജ് ലോണെടുത്തതിനെത്തുടര്‍ന്ന് അധ്യാപികയ്‌ക്ക് ഫോണ്‍വിളിയെത്തിയതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ നിതിന്‍രാജിനെ കഴിഞ്ഞദിവസം വിളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രിന്‍സിപ്പലിന്റെ ചോദ്യം ചെയ്യലിനു ശേഷമാണ് നിതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ നിതിന്റെ മരണശേഷം സൈബര്‍ സെല്ലില്‍ പരാതിയെത്തിയതും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്.
നിതിന്‍രാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയെന്നും മൊബൈല്‍ ഫോണിലെ ചാറ്റും ശബ്‌ദസന്ദേശങ്ങളും പോലീസ് പരിശോധിച്ചുവെന്നും കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണര്‍ പി. നിഥിന്‍ രാജ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്. എസ്.സി, എസ്.ടി. അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോപണം ഉന്നയിക്കപ്പെട്ട അധ്യാപകരായ ഡോ. എം.കെ. റാം, സംഗീത എന്നിവരടക്കം മുഴുവന്‍ പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എഫ.്.ഐ.ആര്‍. തയാറാക്കിയിരിക്കുന്നതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. മുറിയിലുള്ളവരുടേയും ഹോസ്‌റ്റലില്‍ ഉള്ളവരുടേയും വിശദമായ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്.
നിതിന്‍രാജിനെതിരേ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സൈബര്‍ പോലീസില്‍ പരാതി ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ പോലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയിരിക്കുന്നത്.'കഴിഞ്ഞ ഡിസംബര്‍-ജനുവരിയില്‍ നിതിന്‍രാജ് ഒരു ലോണ്‍ ആപ്പില്‍നിന്ന് പണം കടം എടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട് നിരന്തരമായിട്ടുള്ള ഫോണ്‍ കോളുകള്‍ വിദ്യാര്‍ഥിക്ക് വന്നിരുന്നുവെന്നും പോലീസ് കണ്ടെത്തി. കോളജിലെ അധ്യാപികയുടെ നമ്പര്‍ ലോണ്‍ കൊടുത്ത ഏജന്‍സിക്ക് ലഭിക്കുകയും ആ അധ്യാപികയേയും ലോണ്‍ ഏജന്‍സി വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പത്താം തീയതി ഈ ലോണ്‍ ഏജന്‍സിയില്‍നിന്ന് അധ്യാപികയ്‌ക്ക് നിരന്തരമായ കോളുകള്‍ വന്നിരുന്നുവെന്നും സൈബര്‍ അന്വേഷണത്തിലൂടെ മനസിലായെന്നും പോലീസ് പറഞ്ഞു.
ലോണ്‍ എടുക്കുമ്പോള്‍ ലോണ്‍ ഏജന്‍സി സ്വമേധയാ കോണ്‍ടാക്‌ട് അക്‌സസ് ചെയ്‌തതാവാനും സാധ്യതയുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തുടങ്ങി നിരവധി നേതാക്കള്‍ നിതിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നാണ് സതീശനും ഗോവിന്ദനും ആവശ്യപ്പെട്ടത്.






