
തിരുവനന്തപുരം: തലസ്‌ഥാന ജില്ലയിലെ നഗര ഹൃദയങ്ങള്‍ ഉള്‍പ്പെടുന്ന മണ്‌ഡലങ്ങളില്‍ 2021 ലെ അപേക്ഷിച്ച് പോളിങ് ശതമാനം വര്‍ധിച്ചപ്പോഴും വോട്ട് ചെയ്‌തവരുടെ എണ്ണത്തില്‍ കുറവ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ മണ്‌ഡലത്തില്‍ ഇത്തവണ പോളിംഗ് ശതമാനം 74.89 ആണ്.
ആകെയുള്ള 1,58,545 വോട്ടര്‍മാരില്‍ 1,18,734 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനമായ 63.03 ല്‍നിന്നും 11 ശതമാനത്തോളം വര്‍ധന. എന്നാല്‍ വോട്ടു ചെയ്‌തവരുടെ എണ്ണത്തില്‍ കുറവാണുണ്ടായിരിക്കുന്നത്.
2021 ലെ വോട്ടര്‍പട്ടികയില്‍ തിരുവനന്തപുരം മണ്‌ഡലത്തില്‍ ആകെ 2,03,584 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 1,28322 പേരാണ് വോട്ടുചെയ്‌തത്.
എന്നാല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിച്ചപ്പോള്‍ ഇത്തവണ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 1,58,545 ആയി കുറഞ്ഞു. ഇതില്‍ 1,18,734 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
വട്ടിയൂര്‍ക്കാവ്, നേമം മണ്‌ഡലങ്ങളിലും സമാനമായ സ്‌ഥിതിയാണ്. വട്ടിയൂര്‍ക്കാവില്‍ ഇത്തവണ 76.92 ശതമാനമാണ് പോളിങ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനത്തിലധികം വര്‍ധന. എന്നാല്‍ 2021ല്‍ വട്ടിയൂര്‍ക്കാവ് മണ്‌ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 2,03,543 ആയിരുന്നു.
ഇതില്‍ 1,38,038 പേര്‍ വോട്ട് രേഖപ്പെടുത്തി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്‌ഡലത്തില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടത് 1, 65,272 പേരാണ്. ഇതില്‍ 1,27127 പേര്‍ വോട്ട് രേഖപ്പെടുത്തിയത്‌്. കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 11,000 ത്തോളം വോട്ടിന്റെ കുറവ്.
നേമത്ത് 80.62 ശതമാനമാണ് ഇത്തവണ പോളിംഗ്. ആകെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടത് 1,71,178 പേരായിരുന്നു. ഇതില്‍ 1,38,003 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. എന്നാല്‍ 2021 ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് വോട്ടവകാശം രേഖപ്പെടുത്തിയത് 1,46,354 പേരായിരുന്നു. വോട്ടേഴ്‌സ് പട്ടിക പരിഷ്‌കരിക്കുന്നതിനു മുമ്പ് ഈ മണ്‌ഡലത്തിലുണ്ടായിരുന്നത് 2,04718 വോട്ടര്‍മാരായിരുന്നു.
ജി. അരുണ്‍






