
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മൂന്ന് സിറ്റിങ് സീറ്റുകള്‍ ഇക്കുറി നഷ്‌ടപ്പെടാന്‍ സാധ്യതയെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റില്‍ ആശങ്ക. കോഴിക്കോട് സൗത്ത്, കുന്ദമംഗലം, തിരുവമ്പാടി സീറ്റുകള്‍ കൈവിട്ടുപോകുമെന്നാണ് വിലയിരുത്തല്‍.
ജില്ലയിലെ എട്ട് സീറ്റുകളില്‍ ശക്‌തമായ മത്സരമാണ് നടന്നതെന്നും മറ്റിടങ്ങളിലെല്ലാം ജയിക്കാന്‍ കഴിയുമെന്നുമാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. വിജയിക്കാന്‍ പ്രയാസമാണെന്ന് കണ്ടെത്തിയ തിരുവമ്പാടിയില്‍ മാത്രമാണ് സി.പി.എം. സ്‌ഥാനാര്‍ഥി മത്സരിച്ചത്. സിറ്റിങ് എം.എല്‍.എ. ലിന്റോ ജോസഫ് മികച്ച അഭിപ്രായമുള്ള എം.എല്‍.എ. ആയിട്ടും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത കൊണ്ടുമാത്രം മണ്ഡലം നഷ്‌ടമാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
തുരങ്കപാത ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ലിന്റോ ജോസഫ് പരാജയപ്പെടുന്നത് എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാകും. മുസ്ലിം ലീഗിലെ സി.കെ. കാസിമാണ് തിരുവമ്പാടിയിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി. കുന്ദമംഗലം മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തവണയും വിജയിച്ചത് എല്‍.ഡി.എഫ് സ്വതന്ത്രനായ പി.ടി.എ. റഹിമാണ്. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചുവരുന്ന റഹിം നാലാം അങ്കത്തില്‍ പരാജയപ്പെടുമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് ലഭിച്ച കുന്ദമംഗലത്ത് അധികമായി പോള്‍ചെയ്‌ത വോട്ടുകള്‍ എതിര്‍സ്‌ഥാനാര്‍ഥികള്‍ സ്വന്തമാക്കിയാല്‍ റഹിം പരാജയപ്പെടുമെന്നാണ് കരുതുന്നത്. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖാണ് കുന്ദമംഗലത്ത് യു.ഡി.എഫ് സ്‌ഥാനാര്‍ഥി.
കോഴിക്കോട് സൗത്തില്‍ ഐ.എന്‍.എല്‍. സംസ്‌ഥാന പ്രസിഡന്റ്‌് അഹമ്മദ് ദേവര്‍കോവിലാണ് ഇടത് സിറ്റിങ് എം.എല്‍.എ. 2021ലെ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനത്തിലേറെ പോളിങ് അധികമായി രേഖപ്പെടുത്തിയ സൗത്തില്‍ അധികവോട്ടുകള്‍ അഹമ്മദ് ദേവര്‍കോവിലിനെ കടപുഴക്കുമോയെന്നാണ് ആശങ്ക.
മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതാവ് ഫൈസല്‍ബാബുവാണ് സൗത്തിലെ യു.ഡി.എഫ് സ്‌ഥാനാര്‍ഥി. പേരാമ്പ്ര, ബാലുശേരി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് സി.പി.എം. പ്രതീക്ഷ. യു.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങളായ കൊടുവള്ളി, വടകര എന്നിവിടങ്ങളില്‍ അട്ടിമറിയും സി.പി.എം. പ്രതീക്ഷിക്കുന്നില്ല.






