ആറ്റിങ്ങല്‍: ദളിത് കുടുംബം താമസിക്കുന്ന ഷെഡ് പൊളിച്ചുമാറ്റി അയല്‍വാസികള്‍ വഴിവെട്ടിയെന്ന് ആരോപണം. ആറ്റിങ്ങല്‍ തൊപ്പിചന്തയിലെ ആര്. ലീലയും മകള്‍ ലിജിയും താമസിക്കുന്ന ഷെഡാണ് പൊളിച്ചു മാറ്റിയത്. അയല്‍വാസികളായ സജീവ്, ജോണി എന്നിവര്‍ ചേര്‍ന്നാണ് ഷെഡ് പൊളിച്ചു മാറ്റിയത്. ഇവരുടെ നാല് സെന്റ് സ്ഥലത്ത് കൂടി മൂന്ന് മീറ്റര്‍ വഴി വെട്ടാനാണ് സജീവും ജോണിയും ചേര്‍ന്ന് ഷെഡ് പൊളിച്ചു മാറ്റിയത്.
പഞ്ചായത്തില്‍ നിന്നും വീട് വയ്ക്കാന്‍ തുക അനുവദിച്ചിരുന്നതിനാല്‍ വീട്ടു സാധനങ്ങള്‍ താല്‍ക്കാലിക ഷെഡിലാണ് വച്ചിരുന്നത്. വീട്ടു സാധനങ്ങള്‍ മുഴുവന്‍ അയല്‍വാസികള്‍ തകര്‍ത്തതായി ലീല പറഞ്ഞു. സജീവും ജോണിയും ബലമായി വഴി വെട്ടുകയായിരുന്നു. കോടതിയില്‍ നിന്നും ഇവര്‍ ഇന്ജക്ഷന് ഓര്‍ഡര്‍ വാങ്ങിയതിനാല്‍ സ്വന്തം സ്ഥലത്ത് കാലുകുത്താന്‍ കഴിയാത്ത സ്ഥതിയാണെന്നും ലീല പറഞ്ഞു.
ബലമായി വഴിവെട്ടാന് എത്തിയ സജീവിന്റെ കാറിന് മുന്നില്‍ വഴി തടഞ്ഞ് നിന്ന തന്നെ അവര്‍ അസഭ്യം പറഞ്ഞുവെന്ന് ലിജി പറഞ്ഞു. തങ്ങള്‍ വര്‍ഷങ്ങളായി കരം അടച്ചു കൊണ്ടിരിക്കുന്ന സ്ഥലം കയ്യേറിയാണ് അയല്‍വാസികള്‍ വഴി വെട്ടിയതെന്നും ലിജി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി കടയ്ക്കാവ് പോലീസ് വ്യക്തമാക്കി.






