ബാഹുബലിയില്‍ രമ്യാ കൃഷ്ണന് അവതരിപ്പിച്ച ശിവകാമിയെ കയ്യടിച്ചാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ തന്റെ മുഖം സ്ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ ചെരുപ്പൂരി എറിയുന്ന ഒരു കാലമുണ്ടായിരുന്നെന്ന് രമ്യയുടെ വെളിപ്പെടുത്തല്‍. തമിഴ് ചിത്രമായ പടയപ്പയില്‍ രജനീകാന്തിന്റെ വില്ലത്തിയായ നീലാംബരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാണ് രമ്യയ്ക്ക് പ്രേക്ഷകരുടെ ചെരുപ്പിനേറ് നേരിടേണ്ടി വന്നത്.
ഏറെ ഭയത്തോടെയാണ് നീലാബംബരിയെ അവതരിപ്പിച്ചതെന്ന് രമ്യ പറഞ്ഞു. രജനീകാന്തിന് ഒപ്പം അഭിനയിക്കുന്നു എന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നുവെന്നതാണ് തന്നെ ഭയപ്പെടുത്തിയത്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രമ്യാ കൃഷ്ണന്. പടയപ്പ റിലീസ് ചെയ്തു കഴിഞ്ഞാല്‍ ചെന്നൈയില്‍ നില്‍ക്കരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞിരുന്നു.
കാരണം അവര്‍ ആരാധിക്കുന്ന താരത്തെയാണ് ചിത്രത്തില്‍ രമ്യാ കൃഷ്ണന് എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്. അക്കാലത്ത് എന്ത് ചെയ്യുമെന്നറിയാതെ ഭയപ്പെട്ടിരുന്നു. പടയപ്പ സിനിമ കാണാന്‍ രമ്യയുടെ സഹോദരി തീയറ്ററില്‍ എത്തിയിരുന്നു. തന്റെ മുഖം കാണിക്കുമ്പോള്‍ തന്നെ പ്രേക്ഷകര്‍ ചെരുപ്പിന് എറിയുന്നതാണ് കാണാന്‍ കഴിഞ്ഞതെന്നും രമ്യ പറഞ്ഞു.
എന്നാല്‍ സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആളുകള്‍ തന്നെ അഭിന്ദിക്കാനും പിന്തുണയ്ക്കാനും തുടങ്ങി. അപ്പോഴാണ് തനിക്ക് പകുതി ആശ്വാസമായതെന്നും രമ്യ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് വേഷങ്ങളില്‍ ഒന്നാം സ്ഥാനം ശിവകാമിക്കായിരിക്കുമെന്നും രമ്യാ കൃഷ്ണന് പറഞ്ഞു.






