
കോട്ടയം: റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പകരം പുതുതായി രൂപീകരിക്കുന്ന പ്ലാന്റേഷന് എക്സ്പോര്‍ട്ട് ഏജന്‍സിയിലേക്കു റബര്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. റബര്‍ ബോര്‍ഡ് നിര്‍ത്തലാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഉന്നതതലത്തില്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നാണു സൂചന. ഇതിന്റെ ഭാഗമായി കോട്ടയത്തെ റീജണല്‍ ഓഫീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ മാറ്റിയിരുന്നു.
1947 ഏപ്രിലില്‍ നിലവില്‍ വന്ന റബര്‍ ആക്ട് റദ്ദാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ വാണിജ്യമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുംമുമ്പേ നിലവില്‍വന്ന നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ റദ്ദാക്കിയശേഷം ഉടന്‍തന്നെ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഫയലില്‍ വാണിജ്യമന്ത്രി നിര്‍മല സീതാരാമന് തത്വത്തില്‍ അംഗീകരിച്ച് ഒപ്പ് വച്ചിട്ടുണ്ട്. ഫയല്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി അവതരിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
മന്ത്രിസഭാ അംഗീകാരംകൂടി ലഭിക്കുന്നതോടെ റബര്‍ കൃഷിയുടെ വ്യാപനത്തിനും കര്‍ഷകരുടെ ഉന്നമനത്തിനും വേണ്ടി രൂപം നല്കിയ റബര്‍ ബോര്‍ഡിന് പൂട്ടുവീഴും. സ്പൈസസ് ബോര്‍ഡ്, കോഫീ, ടീ ബോര്‍ഡുകള്‍ എന്നിവയടക്കമുള്ളവയുടെ ഏകോപനത്തിനായാണ് പ്ലാന്റേഷന് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് ഏജന്‍സി രൂപീകരിക്കാന്‍ വാണിജ്യമന്ത്രാലയം പദ്ധതിയിട്ടിട്ടുള്ളത്. ഇതിന്റെ പ്രാരംഭചര്ച്ചകള്ക്കള്ക്കായി റബര്‍ ബോര്‍ഡ് അടക്കമുള്ള ബോര്‍ഡുകളുടെ ചെയര്മാന്മാര് പങ്കെടുക്കുന്ന യോഗം അടുത്തദിവസം ചേരും.
കയറ്റുമതി സാധ്യതയുള്ള തോട്ടവിളകളുടെ പ്രത്യേക ഏജന്‍സി രൂപീകരിക്കുന്നതോടെ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം തന്നെ ഇല്ലാതാകും. ഏറെ കൊട്ടിഘോഷിച്ച ദേശീയ റബര്‍ നയം പ്രഖ്യാപനം വേണ്ടെന്ന് വച്ചതും കര്‍ഷകര്‍ക്ക് റബറിന്റെ ആവര്ത്തനകൃഷിക്കടക്കം നല്കിക്കൊണ്ടിരുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കിയതും ഇത്തരമൊരു നീക്കത്തിന്റെ മുന്നോടിയാണെന്നും സൂചനയുണ്ട്. കഴിഞ്ഞവര്‍ഷം ദേശീയ റബര്‍ നയം രൂപീകരിച്ച് പ്രഖ്യാപനം നടത്തുന്നതിനുള്ള തീയതിപോലും തീരുമാനിച്ച ശേഷമാണ് നടപടി അവസാനനിമിഷം മരവിപ്പിച്ചത്.
1947 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച് റബര്‍ ഉല്പാദനവും ഉല്പാദനക്ഷമതയും 50 ഇരട്ടി വര്‍ധിപ്പിച്ച ബോര്‍ഡ് 14 സംസ്ഥാനങ്ങളിലാണ് റബര്‍ കൃഷി വ്യാപിച്ചിച്ചത്. റബര്‍ ബോര്‍ഡ് ഇല്ലാതാകുന്നതോടെ 13 ലക്ഷത്തിലേറെ വരുന്ന റബര്‍ കര്‍ഷകരാണ് പ്രതിസന്ധിയിലാകുന്നത്.
റീജണല്‍ ഓഫീസ് മാറ്റിയത് ഭരണച്ചെലവ് കുറയ്ക്കാന്‍: ബോര്‍ഡ്
കോട്ടയം: ഭരണപരമായ ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണു കോട്ടയം, ചങ്ങനാശേരി റീജണല്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിച്ചതെന്നു റബര്‍ ബോര്‍ഡ്. തീരുമാനം കര്‍ഷകരെ ഒരുതരത്തിലും ബാധിക്കില്ലെന്നും ബോര്‍ഡ് വിശദീകരിച്ചു.
ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ചുകൊണ്ടിരുന്ന കോട്ടയത്തെ റീജണല്‍ ഓഫീസ് കഴിഞ്ഞദിവസം നിര്‍ത്തലാക്കിയിരുന്നു. കോട്ടയം ഓഫീസില്‍നിന്ന് കര്‍ഷകര്‍ക്ക് ലഭിച്ചുവരുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും ലഭ്യമാക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫീസില്‍ ഒരു ഡെവലപ്മെന്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും.






