
കൊച്ചി: സംസ്‌ഥാന ആരോഗ്യ വകുപ്പ് (ഡി.എച്ച്.എസ്.) ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്ന് ഡോ.കെ.ജെ. റീനയെ സ്‌ഥലംമാറ്റിയതു സ്‌റ്റേ ചെയ്‌ത അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യുണല്‍ (കെ.എ.ടി) ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കെ.എ.ടി. നടപടി ചോദ്യംചെയ്‌ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസ് അനില്‍ കെ.നരേന്ദ്രന്‍, ജസ്‌റ്റിസ് എസ്.മുരളികൃഷ്‌ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ഡോ. റീനയ്‌ക്ക് പകരം ആരോഗ്യ വകുപ്പ് ഡയറക്‌ടറായി നിയമിക്കപ്പെട്ട ഡോ. വി. മീനാക്ഷി 13നു ചുമതലയേറ്റതായും ഈ സാഹചര്യത്തില്‍ 18 നു ഇടക്കാല സ്‌റ്റേ അനുവദിച്ചത് ഗുരുതര പിഴവാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡോ. ഡോ. വി. മീനാക്ഷി ചുമതലയേറ്റ ശേഷമാണ് ഡോ. റീന ട്രിബ്യൂണലിനു മുന്നില്‍ ഹര്‍ജി നല്‍കിയത്. ഈ സാഹചര്യത്തില്‍ ഇത്തരം ഇടക്കാല സ്‌റ്റേ പുറപ്പെടുവിക്കാന്‍ കഴിയില്ല. ചോദ്യം ചെയ്യപ്പെടുന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയ ശേഷമാണ് സ്‌റ്റേ ഉത്തരവുണ്ടായത്. സര്‍ക്കാര്‍ ഉത്തരവിന്റെ തുടര്‍ച്ചയായി ഭരണതലത്തിലുണ്ടായ നടപടികളെല്ലാം പൂര്‍വസ്‌ഥിതിയിലാക്കാന്‍ ഇത്തരം സ്‌റ്റേ ഉത്തരവ് മൂലം കഴിയില്ല.-കോടതി പറഞ്ഞു. അതേ സമയം, സ്‌ഥലംമാറ്റത്തിനെതിരേ ഡോ. റീന നല്‍കിയ ഹര്‍ജി പരിഗണിച്ചു തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചു. ആരോഗ്യമേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡയറക്‌ടറെ മാറ്റി നിയമിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌ഥലംമാറ്റമെന്നും ആദ്യ ഉത്തരവ് സര്‍ക്കാര്‍ തിരുത്തുന്ന സാഹചര്യമുണ്ടായെന്നും ഡോ. റീനയുടെ വാദിച്ചു.






