
തിരുവനന്തപുരം/കൊച്ചി/പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എമ്മായിരിക്കെ മരിച്ച കെ. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്‌ജന എന്‍. നായര്‍ക്ക് ആശ്രിത നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായാണു നിയമനം. വരുമാനപരിധിയില്‍ ഇളവ് നല്‍കി, സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമാണ് നിയമനമെന്നും ഉത്തരവിലുണ്ട്. ബി.ടെക്. ഫുഡ് ടെക്‌നോളജി ബിരുദധാരിയാണ് നിരഞ്‌ജന.
2024 ഒക്‌ടോബര്‍ 15നാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്ന് കണ്ണൂര്‍ കലക്‌ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം.സംഭവത്തില്‍ കേസെടുത്ത് ദിവ്യയെ അറസ്‌റ്റ് ചെയ്‌തെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെക്കണ്ട് നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്‌ജുഷ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്കുവിട്ടു. ആശ്രിത നിയമനം നല്‍കണമെന്ന മഞ്‌ജുഷയുടെയും മകളുടെയും അപേക്ഷ പരിഗണിച്ചാണ് വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ക്കുശേഷം നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ആശ്രിതനിയമനത്തിന് നിഷ്‌കര്‍ഷിച്ചിട്ടുള്ള എട്ടുലക്ഷം രൂപയ്‌ക്കു മുകളിലായിരുന്നു അപേക്ഷകയായ നിരഞ്‌ജനയുടെ കുടുംബവരുമാനം. ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് പത്തനംതിട്ട ജില്ലാ കലക്‌ടറുടെ റിപ്പോര്‍ട്ട് സഹിതം ലാന്‍ഡ് റവന്യു കമ്മിഷണര്‍ സര്‍ക്കാരില്‍ പ്ര?പ്പോസല്‍ സമര്‍പ്പിച്ചിരുന്നു. അപേക്ഷകയ്‌ക്ക് ഫുഡ് സേഫ്‌റ്റി ഓഫീസര്‍, ക്ലാര്‍ക്ക് എന്നീ തസ്‌തികകളില്‍ നിയമനത്തിന് യോഗ്യതയുണ്ടെന്നും പരിശോധനകള്‍ക്കുശേഷം ലാന്‍ഡ് റവന്യു കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതു വിശദമായി പരിശോധിച്ച സര്‍ക്കാര്‍ ആശ്രിത നിയമനത്തിനായുള്ള അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച് വരുമാന പരിധിയില്‍ ഇളവ് നല്‍കി നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.






