
തൃശൂര്‍: കെ.പി.സി.സി. പ്രസിഡന്റ് സ്‌ഥാനത്തേക്കു തര്‍ക്കം മുറുകവേ ജോസഫ് വാഴയ്‌ക്കന് സാധ്യതയേറുന്നു. പാര്‍ലമെന്ററി രംഗത്തുനിന്നു മാറിനില്‍ക്കുകയും പാര്‍ട്ടി തലത്തില്‍ സുപ്രധാന പദവികളെല്ലാം വഹിക്കുകയും ചെയ്‌തിട്ടുള്ള വാഴയ്‌ക്കന് ഗ്രൂപ്പിനതീതമായി പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വൈദ്യുത മന്ത്രിയായതോടെയാണ് കെ.പി.സി.സിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന ചര്‍ച്ച സജീവമായത്. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനഹ്നാന്‍, ആന്റോ ആന്റണി എന്നിവര്‍ സാധ്യതാ പട്ടികയില്‍ ഇടം നേടിയിരുന്നെങ്കിലും ഒരാള്‍ക്ക് ഒരു പദവിയെന്ന വാദമുയര്‍ത്തി ശക്‌തമായ എതിര്‍പ്പുയര്‍ന്നു. വി.എസ്. ശിവകുമാര്‍, കെ.സി.ജോസഫ്, എം.എം.ഹസന്‍ അടക്കമുളളവരുടെ പേരുകള്‍ ഗ്രൂപ്പ് അനുയായികള്‍ ഉയര്‍ത്തിയെങ്കിലും സജീവ ചര്‍ച്ചയിലെത്തിയിട്ടില്ല.
സീനിയര്‍ നേതാവെന്ന നിലയില്‍ ജോസഫ് വാഴയ്‌ക്കന് ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണയുണ്ട്. വാഴക്കന്‍ എല്ലാവര്‍ക്കും സ്വീകാര്യനെന്ന നില രൂപപ്പെട്ട സാഹചര്യത്തില്‍ വിയോജിപ്പില്ലെന്ന നിലപാടാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും നേതൃത്വത്തെ അറിയിച്ചത്. 1983 ല്‍ കെ.എസ്.യു. സംസ്‌ഥാന പ്രസിഡന്റായി തുടക്കം കുറിച്ച വാഴയ്‌ക്കന്‍, കെ.പി.സി.സി. സംഘടനാ സെക്രട്ടറി, വൈസ് പ്രസിഡന്റ് അടക്കമുളള ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കെ.പി.സി.സി. പ്രസിഡന്റിന് പുറമെ രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരുടെ ഒഴിവുകളും നികത്താനുണ്ട്. സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനത്തിന് സമിതിയെ നിയോഗിക്കാനുള്ള തീരുമാനം പുനഃസംഘടന നടക്കാത്ത സാഹചര്യത്തില്‍ നീളുകയാണ്.
സംഘടനാതല ചുമതല ഭാരവാഹികള്‍ക്ക് നല്‍കിയിട്ടില്ലാത്തതിനാല്‍ തന്നെ പോഷക സംഘടനകളുടെ പ്രവര്‍ത്തനവും താളം തെറ്റിയ അവസ്‌ഥയിലാണ്. കെ.എസ്.യുവിന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പോലും ആരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമ്പോള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി സംവിധാനവും ഇല്ലാത്ത
അവസ്‌ഥയാണ്. പ്രതികൂല രാഷ്‌ട്രീയ കാലാവസ്‌ഥയില്‍ നയചാതുരിയോടെ പാര്‍ട്ടിയെ നയിക്കാന്‍ മുതിര്‍ന്ന നേതാവായ വാഴക്കന്‍ തന്നെയാണ് ഉചിതമെന്ന നിലപാടിലേക്ക് ഭൂരിപക്ഷാഭിപ്രായം േ്രകാഡീകരിക്കപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.
ജിനേഷ് പൂനത്ത്






