
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (സി.എം.ഡി.ആര്‍.എഫ്)യില്‍ നിന്ന് 262 കോടി രൂപ വകമാറ്റിയെന്നു സി.എ.ജി. കണ്ടെത്തിയെന്ന പ്രചാരണം വാസ്‌തവവിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. 2024-25 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിഗമനങ്ങളില്‍ അഞ്ച് എസ്.ടി.എസ്.ബി അക്കൗണ്ടുകളിലെ സി.എം.ഡി.ആര്‍.എഫുമായി ബന്ധപ്പെട്ട 262.06 കോടിയുടെ പൊതുസംഭാവനകള്‍ സംസ്‌ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തതായി പറയുന്നു. എസ്.ടി.എസ്.ബി. അക്കൗണ്ടുകളിലെ ഇത്തരം സര്‍ക്കാരിതര ഫണ്ടുകള്‍ സംസ്‌ഥാനത്തിന്റെ സഞ്ചിത നിധിയിലേക്ക് തിരിച്ചെടുത്തത് ക്രമരഹിതമാണെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍, ഇതേ ഭാഗത്ത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ എസ്.ടിഎസ്.ബി അക്കൗണ്ടുകളില്‍ സാമ്പത്തിക വര്‍ഷാവസാനം വിനിയോഗിക്കാതെ കിടക്കുന്ന തുക പൊതു കണക്കിന്റെ വലിപ്പം കുറയ്‌ക്കാന്‍ എല്ലാ വര്‍ഷവും തിരിച്ചെടുക്കാറുണ്ടെന്നു സര്‍ക്കാര്‍ മറുപടി നല്‍കി. തിരിച്ചെടുത്ത സി.എം.ഡി.ആര്‍.എഫ്. ഫണ്ടുകള്‍ അതാത് എസ്.ടിഎസ്.ബി. അക്കൗണ്ടുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പ്രഥമവാരംതന്നെ റീഅലോക്കേറ്റ് ചെയ്‌തുകൊടുത്തതായും വ്യക്‌തമാക്കി. ഇത്തരത്തില്‍ റീഅലോക്കേറ്റ് ചെയ്‌തത് ഓഡിറ്റ് ടീം കണ്ടെത്തിയിട്ടുള്ളതായി പരാമര്‍ശിച്ചിട്ടുണ്ട്.
സി.എ.ജി റിപ്പോര്‍ട്ടില്‍ ടി.എസ്.ബി. അക്കൗണ്ടില്‍നിന്ന് കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കും തിരിച്ചും ചെലവഴിക്കാതെ കിടന്ന പണം മാറ്റിയത് ക്രമരഹിതമാണ് എന്ന് പറയുക മാത്രമാണ് ചെയ്‌തിട്ടുള്ളത്. സാമ്പത്തിക ദുരുപയോഗവും നഷ്‌ടവും ആരോപിച്ചിട്ടില്ല. സി.എം.ഡി.ആര്‍.എഫിന്റെ വിശ്വാസ്യത തകര്‍ക്കാനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുതാത്തതെന്തോ സംഭവിച്ചു എന്ന പ്രതീതി ഉണ്ടാക്കാനുമാണ് ശ്രമം. ദുരിതാശ്വാസ നിധിയിലെ പണം മറ്റേതെങ്കിലും ആവശ്യത്തിനായി വകമാറ്റുകയോ വിനിയോഗിക്കപ്പെടുകയോ ചെയ്യുന്നില്ല. ട്രഷറി അക്കൗണ്ടില്‍ അതു സുരക്ഷിതമാണ്. ഉന്നത ഉദ്യോഗസ്‌ഥര്‍ തൃപ്‌തികരമായ വിശദീകരണം നല്‍കിയിട്ടും അക്കൗണ്ടന്റ് ജനറല്‍ ഈ വസ്‌തുതകളെ ശരിയായി ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ലെന്നും പിണറായി പറഞ്ഞു.






