
കൊച്ചി: കേരള തീരത്ത് മുങ്ങിയ എം.എസ്.സി എല്‍സ 3 കപ്പലിന്റെ അവശിഷ്‌ടങ്ങളും കടലിനടിയില്‍ ചിതറിക്കിടക്കുന്ന കണ്ടെയ്‌നറുകളും നീക്കം ചെയ്യാത്തതില്‍ കേന്ദ്ര സര്‍ക്കാറിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കപ്പല്‍ മുങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും എന്ത് നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. 2025 മേയ് ഒമ്പതിന് ശേഷം ഇക്കാര്യത്തില്‍ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജസ്‌റ്റിസ് രാജ വിജയരാഘവന്‍, ജസ്‌റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരങ്ങുന്ന ഡിവിഷന്‍ബെഞ്ച് വിമര്‍ശിച്ചു.
ഇതുവരെ സ്വീകരിച്ചതും സ്വീകരിക്കാനിരിക്കുന്നതും നിലവിലെ സാഹചര്യവും അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കഴിഞ്ഞ 16ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. പരിസ്‌ഥിതി, വനം മന്ത്രാലയങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ മറ്റ് ബന്ധപ്പെട്ട ഏജന്‍സികളളും ഷിപ്പിങ് ഡയറക്‌ടര്‍ ജനറലും ഉടനടി യോഗം ചേര്‍ന്ന് ചര്‍ച്ച തീരുമാനിച്ചിട്ടുണ്ടെന്നും സമഗ്രവും കോടതി നിര്‍ദേശങ്ങള്‍ക്ക് അനുകൂലവുമായ റിപ്പോര്‍ട്ട് രണ്ടാഴ്‌ചക്കകം സമര്‍പ്പിക്കാമെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് ഹര്‍ജി ജൂലൈ 14ന് പരഗണിക്കാന്‍ മാറ്റി. കടലിനടിയില്‍ ചിതറിക്കിടക്കുന്ന കണ്ടെയ്‌നറുകളും സംബന്ധിച്ച് കപ്പല്‍ കമ്പനി നല്‍കിയ വിവരങ്ങളും കോടതിക്കു ലഭിച്ച റിപ്പോര്‍ട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിസ്‌ഥിതി വിഷയങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. സംസ്‌ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്. അവശിഷ്‌ടങ്ങളുടെ നാലിലൊന്നു ഭാഗം ചെളിയില്‍ പൂണ്ട നിലയിലാണ്. ഇതു പരിശോധിക്കാന്‍ എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും അറിയിച്ചു. പ്ലാസ്‌റ്റിക് പെല്ലറ്റുകള്‍ അടങ്ങിയ കണ്ടെയ്‌നര്‍ കപ്പലില്‍ ഉണ്ടായിരുന്നെന്നും ഇതു തകര്‍ന്നാല്‍ ഗുരുതര പാരിസ്‌ഥിതി പ്രത്യാഘാതണ്ടാകുമെന്നും കോടതി പറഞ്ഞു. ഇത് മത്സ്യങ്ങള്‍ ഭക്ഷിക്കാനിടയുണ്ട്. മറ്റ് സമുദ്രാതിഷ്‌ഠിത വ്യവസായങ്ങളെയും ഇത് ബാധിച്ചേക്കാം. 1.5 മൈല്‍ ചുറ്റളവില്‍ 96 കണ്ടെയ്‌നറുകള്‍ ചിതറിക്കിടക്കുന്നുണ്ട്. തകര്‍ന്ന കപ്പലിനുള്ളില്‍ 475 കണ്ടെയ്‌നറുകള്‍ വേറെയുമുണ്ട്. കപ്പലിന് പുറത്ത് സ്‌ട്രാപ്പുകള്‍ കൊണ്ട് മാത്രം ബന്ധിച്ച നിലയിലുള്ള കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ ശക്‌തമായ തിരയില്‍ തീരത്തേക്ക് എത്താന്‍ സാധ്യതയുണ്ട്. കോസ്‌റ്റ് ഗാര്‍ഡ്, ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡി.ജി.എസ്) തുടങ്ങിയ ഏജന്‍സികള്‍ സംയുക്‌ത പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ വര്‍ഷം തീരത്തടിഞ്ഞ പ്ലാസ്‌റ്റിക് പെല്ലറ്റ് കണ്ടെയ്‌നര്‍ സ്വതന്ത്ര ഏജന്‍സി വഴി നീക്കം ചെയ്‌തതായി കപ്പല്‍ കമ്പനിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍, ഇവ ഇപ്പോഴും വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പൂര്‍ണമായും സംസ്‌കരിച്ചിട്ടില്ലെന്നും രേഖകള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്‌തമാക്കി. മല്‍സ്യത്തൊഴിലാളികള്‍ക്കടക്കം നഷ്‌ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ എം.പി ടി.എന്‍. പ്രതാപന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.






