സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനിടെ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വാര്‍ത്തയുണ്ട്, തിരുവനന്തപുരം ലോ അക്കാദമിയിലെ മുന്‍ പ്രന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ ദളിത് വിദ്യാര്‍ത്ഥികളെ ജാതിപേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതി പിന്ലിച്ചുവെന്നതാണ് ആ വാര്‍ത്ത. സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ നേതാക്കളായ വിവേക്, ശെല്‍വം എന്നിവര്‍ നല്കിയ പരാതിയാണ് പിന്‍വലിച്ചത്. പരാതി പിന്‍വലിക്കുന്നതായി സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകള്‍ അഡ്വ. രശ്മി ബിനോയിയാണ് ഹൈക്കോടതിയെ അറിയിച്ചത്. സി.പി.ഐ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പരാതി പിന്‍വലിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കൊപ്പം തുല്യ പ്രാധാന്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ലക്ഷ്മി നായര്‍ക്കെതിരായ ജാതിയധിക്ഷേപ പരാതി. സമരം പിന്‍വലിച്ച് ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ എങ്ങനെയാണ് പരാതി ആവിയായത്? സി.പി.ഐ നേതൃത്വം ഉത്തരം പറയണം. ജാതിയധിക്ഷേപം എങ്ങനെയാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്? അതോ സമരത്തിന് എരിവ് പകരാന്‍ ലക്ഷ്മി നായര്‍ക്കെതിരെ വ്യാജമായി ഉന്നയിച്ച പരാതിയായിരുന്നോ അത് രണ്ടായാലും സി.പി.ഐയുടെയും എ.ഐ.എസ്.എഫിന്റെയും വിശ്വസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
സംഭവിച്ചത് എന്ത് തന്നെയായാലും സമരകാലത്ത് സി.പി.ഐ-എ.ഐ.എസ്.എഫ് നേതൃത്വങ്ങള്‍ സ്വീകരിച്ച അതിവിപ്ലവ നിലപാടുകള്‍ വെറും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയായിരുന്നെന്ന് പൊതുജനം കരുതും. സി.പി.ഐ നേതൃത്വം ഇടപെട്ട് പരാതി പിന്‍വലിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ എ.ഐ.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ദളിത് വിദ്യാര്‍ത്ഥികളെയുമാണ് നേതൃത്വം വഞ്ചിച്ചിരിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ ദളിത് വിദ്യാര്‍ത്ഥികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ സി.പി.ഐ നേതൃത്വം ലക്ഷ്മി നായരുമായി പിന്‍വാതില്‍ വഴി എന്ത് ഒത്തുതീര്‍പ്പാണ് ഉണ്ടാക്കിയത്? ദളിത് വിദ്യാര്‍ത്ഥികള്‍ നേരിട്ട അവഹേളനത്തിന് എന്ത് പരിഹാരമാണ് ഉണ്ടായത്?
ഇന്നലെ ഇത് സംബന്ധിച്ച് നടന്ന മാധ്യമ ചര്‍ച്ചകളില്‍ പ്രതികരിക്കാന്‍ സി.പി.ഐ-എ.ഐ.എസ്.എഫ് നേതാക്കള്‍ തയ്യാറായില്ല. പരാതിക്കാരായ വിദ്യാര്‍ത്ഥികളോ, സി.പി.ഐയുടെ നേതാക്കളോ മാധ്യമ ചര്‍ച്ചയില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പരാതിക്കാരനെ ഫോണില്‍ പോലും കിട്ടുന്നില്ലെന്നും അറിയുന്നു. ഒന്നും ഒളിക്കാനില്ലെങ്കില്‍ മാധ്യമ ചര്‍ച്ചയില്‍ പ്രതികരിക്കാതെ ഒളിച്ചോടുന്നത് എന്തിനാണ്. എന്തോ ഒളിക്കാനുണ്ടെന്നല്ലേ നിങ്ങളുടെ മൗനത്തിന്റെ അര്‍ത്ഥം.
ഇനി ലക്ഷ്മി നായര്‍ക്കെതിരായ പരാതി വ്യാജമാണെന്ന രണ്ടാമത്തെ സാധ്യത ശരിയാണെന്ന് വന്നാലും സി.പി.ഐ നേതൃത്വം പ്രതിക്കൂട്ടിലാകും. പരാതി വ്യാജമാണെങ്കില്‍ ജാതി അധിക്ഷേപത്തേക്കാള്‍ ഗുരുതരമായ കുറ്റകൃത്യമാണ് അത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമപ്രകാരം ഒരാളെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതും തുല്യ ഗൗരവമുള്ള കുറ്റകൃത്യമാണ്. തങ്ങളാണ് ശരിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയില്‍ സമരത്തിന് വീര്യം പകരാന്‍ ഒരു വ്യാജ പരാതി കെട്ടിച്ചമയ്ക്കുന്നതിനെ എന്ത് പേരിലാണ് ന്യായീകരിക്കാന്‍ സാധിക്കുന്നത്. സംഭവിച്ചത് എന്തായാലും സി.പി.ഐ ലോ അക്കാദമി സമരകാലത്ത് സ്വീകരിച്ച അതിവിപ്ലവ നിലപാടുകളുടെ ചെമ്പ് തെളിയുകയാണ്.





