
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് കൂറുമാറ്റ രാഷ്‌ട്രീയം. തെരഞ്ഞെടുപ്പില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ പേരിലും ചിഹ്‌നത്തിലും ജനവിധി നേടിയ ജനപ്രതിനിധികള്‍ പിന്നീട് അധികാരത്തിന്റെ ഗണിതശാസ്‌ത്രം മാത്രം നോക്കി പുതിയ രാഷ്‌ട്രീയ കൂട്ടുകെട്ടുകള്‍ സൃഷ്‌ടിക്കുകയും അതിന്റെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുന്ന കാഴ്‌ചകള്‍ അസാധാരണമല്ല. മഹാരാഷ്‌ട്ര മുതല്‍ മധ്യപ്രദേശിലും കര്‍ണാടകയിലും മണിപ്പൂരിലും വരെ ഈ രാഷ്‌ട്രീയ പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഭരണഘടന വിഭാവനം ചെയ്‌ത ജനാധിപത്യത്തിന്റെ ആത്മാവിനെക്കുറിച്ചുള്ള അടിസ്‌ഥാന ചോദ്യങ്ങളാണ് ഈ സംഭവവികാസങ്ങള്‍ ഉയര്‍ത്തുന്നത്.
ഇത്തരം പശ്‌ചാത്തലത്തിലാണ് ശിവസേന പിളര്‍പ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി നടത്തിയ ഒരു സുപ്രധാന വാക്കാലുള്ള നിരീക്ഷണം ദേശീയ രാഷ്‌ട്രീയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷമുണ്ടെന്ന കാരണത്താല്‍ മാത്രം മാതൃരാഷ്‌ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനങ്ങളെ ജനപ്രതിനിധികള്‍ക്ക് മറികടക്കാനാവില്ലെന്ന് കോടതി വ്യക്‌തമാക്കുന്നു. മൂന്നംഗ ബെഞ്ചിലെ ജസ്‌റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി നടത്തിയ ഈ നിരീക്ഷണം ശിവസേന കേസിന്റെ പരിധി വിട്ട് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ സ്‌പര്‍ശിക്കുന്നതാണ്.
ഈ നിരീക്ഷണത്തിന്റെ അന്തര്‍ധാര വളരെ വ്യക്‌തമാണ്. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് വിജയിക്കുന്നത് നിയമസഭാ കക്ഷിയല്ല;രാഷ്‌ട്രീയ പാര്‍ട്ടിയാണ്. സ്‌ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്‌തിപരമായ ജനപ്രീതി മാത്രമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആശയധാരയും പാര്‍ട്ടിയുടെ ചരിത്രവും തെരഞ്ഞെടുപ്പ് പ്രകടന പത്രികയും നേതൃത്വവുമൊക്കെയാണ്. അപൂര്‍വം ചില വ്യക്‌തിനിഷ്‌ഠ മണ്ഡലങ്ങളെ ഒഴിച്ചാല്‍ ഇന്ത്യയില്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നത് പ്രധാനമായും പാര്‍ട്ടികളെയാണ്. അങ്ങനെ ലഭിച്ച ജനവിധിയെ പിന്നീട് ഏതാനും ജനപ്രതിനിധികളുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തില്‍ മറ്റൊരു രാഷ്‌ട്രീയ രൂപത്തിലേക്ക് മാറ്റുന്നത് വോട്ടര്‍മാര്‍ പുലര്‍ത്തിയ വിശ്വാസത്തോടുള്ള വഞ്ചനയല്ലേ എന്ന ചോദ്യമാണ് കോടതി പരോക്ഷമായി ഉയര്‍ത്തുന്നത്.
മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധി ഈ ചോദ്യത്തെ ഏറ്റവും നാടകീയമായി അവതരിപ്പിച്ച സംഭവമായിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ നിന്ന് ഭൂരിപക്ഷം എം.എല്‍.എമാര്‍ വേര്‍പിരിഞ്ഞ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ രാഷ്‌ട്രീയ സഖ്യം രൂപീകരിച്ചു. ഒടുവില്‍ സര്‍ക്കാര്‍ മാറി. പിന്നീട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കുകയും പാര്‍ട്ടി ചിഹ്‌നം അനുവദിക്കുകയും ചെയ്‌തു. എന്നാല്‍, ഈ മുഴുവന്‍ പ്രക്രിയയിലും ഒരു ചോദ്യം അവശേഷിക്കുന്നു. തെരഞ്ഞെടുപ്പില്‍ ശിവസേനയ്‌ക്ക് ലഭിച്ച ജനവിധിയുടെ ഉടമസ്‌ഥാവകാശം ആരുടേതാണ്? പാര്‍ട്ടി സംഘടനയുടേതോ, അതിന്റെ ആശയപാരമ്പര്യത്തിന്റേതോ, അതോ നിയമസഭയിലെ താല്‍ക്കാലിക സംഖ്യാബലത്തിന്റേതോ?
ഇന്ത്യയുടെ കൂറുമാറ്റ വിരുദ്ധ നിയമംഭരണഘടനയിലെ പത്താം ഷെഡ്യൂള്‍ 1985-ല്‍ കൊണ്ടുവന്നത് ഇത്തരമൊരു രാഷ്‌ട്രീയ അസ്‌ഥിരത അവസാനിപ്പിക്കാനായിരുന്നു. എന്നാല്‍, നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ നിയമത്തിന്റെ ലക്ഷ്യം എത്രത്തോളം സാക്ഷാത്‌കരിക്കപ്പെട്ടുവെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. വ്യക്‌തിഗത കൂറുമാറ്റങ്ങള്‍ തടയാന്‍ രൂപപ്പെടുത്തിയ നിയമം ഇന്ന് കൂട്ടകൂറുമാറ്റങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും നിസ്സഹായമാകുന്നു. നിയമത്തിലെ വ്യാഖ്യാനങ്ങളും നടപടിക്രമങ്ങളിലെ കാലതാമസവും രാഷ്‌ട്രീയ തന്ത്രങ്ങള്‍ക്കുള്ള അവസരമായി മാറിയിരിക്കുന്നു. നിയമത്തിന്റെ ആത്മാവിനെ മറികടന്ന് അതിലെ പഴുതുകള്‍ ഉപയോഗിക്കുന്ന രാഷ്‌ട്രീയമാണ് ഇപ്പോള്‍ ശക്‌തിപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ 'നിയമസഭാ കക്ഷി'യും 'രാഷ്‌ട്രീയ പാര്‍ട്ടി'യും തമ്മിലുള്ള വ്യത്യാസം നിര്‍ണായകമാണ്. നിയമസഭാ കക്ഷി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്‌മ മാത്രമാണ്. എന്നാല്‍, രാഷ്‌ട്രീയ പാര്‍ട്ടി അതിലപ്പുറമാണ്. ലക്ഷക്കണക്കിന് പ്രവര്‍ത്തകരും സംഘടനാ സംവിധാനവും ആശയപരമായ പാരമ്പര്യവും രാഷ്‌ട്രീയ നയങ്ങളും സാമൂഹിക അടിത്തറയും ചേര്‍ന്ന ഒരു പൊതുസ്‌ഥാപനമാണ് അത്. നിയമസഭയിലെ അംഗങ്ങളുടെ എണ്ണത്തെ മാത്രം അടിസ്‌ഥാനമാക്കി ആ സ്‌ഥാപനത്തിന്റെ സ്വത്വം നിര്‍വചിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ ഘടനയെ തന്നെ ലഘൂകരിക്കുന്നതാണ്.
എന്നാല്‍, മറുവശത്തുള്ള വാദവും അവഗണിക്കാനാവില്ല. ജനപ്രതിനിധികള്‍ വെറും 'റബര്‍ സ്‌റ്റാമ്പുകള്‍' അല്ല. പാര്‍ട്ടി നേതൃത്വം ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോഴോ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ നിന്ന് പൂര്‍ണമായി വ്യതിചലിക്കുമ്പോഴോ ആശയപരമായ ഗുരുതരമായ അഭിപ്രായവ്യത്യാസം ഉയരുമ്പോഴോ അവര്‍ക്ക് പ്രതിഷേധിക്കാനും നിലപാട് സ്വീകരിക്കാനും അവകാശമുണ്ട്. എന്നാല്‍, അത്തരം അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നതിനുള്ള ജനാധിപത്യ മാര്‍ഗം അധികാരമാറ്റത്തിനുള്ള രഹസ്യ രാഷ്‌ട്രീയ നീക്കമാകരുത്. ജനവിധി നേടിയ പാര്‍ട്ടിയെ മറികടന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതും പിന്നീട് അതിന് ജനവിധിയുടെ അംഗീകാരം അവകാശപ്പെടുന്നതും ജനാധിപത്യത്തിന്റെ സ്വാഭാവിക വികാസമല്ല.
ഇവിടെയാണ് സുപ്രീം കോടതി പരാമര്‍ശിച്ച മറ്റൊരു നിര്‍ണായക ആശയം പ്രസക്‌തമാകുന്നത്. ഒരു ജനാധിപത്യത്തിന്റെ പക്വത അളക്കുന്നത് രാഷ്‌ട്രീയ പാര്‍ട്ടികളും അവയുടെ അംഗങ്ങളും സ്വന്തം ആശയധാരയോടും പ്രതിബദ്ധതയോടും എത്രത്തോളം വിശ്വസ്‌തത പുലര്‍ത്തുന്നു എന്നതിലൂടെയാണെന്ന് കോടതി നിരീക്ഷിച്ചു. ഈ വാക്കുകള്‍ ശിവസേന കേസിനു മാത്രമല്ല;ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ സമകാലിക അവസ്‌ഥയ്‌ക്കുമുള്ള വിമര്‍ശനമാണ്. ഇന്ന് ആശയപരമായ ഭിന്നതകളേക്കാള്‍ അധികാരസമവാക്യങ്ങളാണ് രാഷ്‌ട്രീയ തീരുമാനങ്ങളെ നയിക്കുന്നതെന്ന പൊതുധാരണയ്‌ക്ക് ഈ നിരീക്ഷണം മറുപടിയാകുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പങ്കും ഈ ചര്‍ച്ചയില്‍ പുനഃപരിശോധിക്കപ്പെടേണ്ടതാണ്. നിയമസഭയിലെ ഭൂരിപക്ഷത്തെ അടിസ്‌ഥാനമാക്കി യഥാര്‍ഥ പാര്‍ട്ടിയെ നിര്‍ണയിക്കുന്ന സമീപനം പാര്‍ട്ടി സംഘടനയുടെയും സാധാരണ പ്രവര്‍ത്തകരുടെയും രാഷ്‌ട്രീയ അവകാശങ്ങളെ എത്രത്തോളം സംരക്ഷിക്കുന്നു എന്ന ചോദ്യം ഉയരുന്നു. പാര്‍ട്ടി എന്നത് എം.എല്‍.എമാരുടെ ഒരു കൂട്ടം മാത്രമല്ല;സംഘടനാപരമായും ആശയപരമായും നിലനില്‍ക്കുന്ന ഒരു രാഷ്‌ട്രീയ സ്‌ഥാപനം കൂടിയാണ്. ആ യാഥാര്‍ഥ്യം അംഗീകരിക്കാത്ത സമീപനം ജനാധിപത്യത്തെ സംഖ്യകളുടെ കളിയായി ചുരുക്കാനുള്ള അപകടം സൃഷ്‌ടിക്കും.
ഈ സാഹചര്യത്തില്‍ നിയമപരമായ പരിഷ്‌കാരങ്ങളെക്കുറിച്ചും ഗൗരവമായ ചര്‍ച്ച ആവശ്യമാണ്. കൂറുമാറി സര്‍ക്കാരുകള്‍ മാറിച്ചിടുന്ന ജനപ്രതിനിധികള്‍ നിര്‍ബന്ധമായും രാജിവച്ച് വീണ്ടും ജനവിധി തേടണമെന്ന നിര്‍ദ്ദേശം വീണ്ടും സജീവ ചര്‍ച്ചയാകണം. കൂറുമാറ്റ കേസുകളില്‍ സ്‌പീക്കറുടെ തീരുമാനത്തിന് പകരം സ്വതന്ത്രവും സമയബന്ധിതവുമായി പ്രവര്‍ത്തിക്കുന്ന സംവിധാനത്തെക്കുറിച്ചും ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര ജനാധിപത്യം ശക്‌തിപ്പെടുത്തുന്നതും അത്രതന്നെ പ്രധാനമാണ്.
ഒടുവില്‍ ഈ ചര്‍ച്ചയുടെ കേന്ദ്രത്തില്‍ നില്‍ക്കുന്നത് ഒരു ലളിതമായ സത്യമാണ്. ജനാധിപത്യത്തില്‍ ഭൂരിപക്ഷം എന്നത് നിയമസഭയിലെ അംഗങ്ങളുടെ എണ്ണം മാത്രമല്ല;തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ നല്‍കിയ രാഷ്‌ട്രീയ അംഗീകാരവുമാണ്. ആ ജനവിധിയെ പിന്നീട് അധികാരഗണിതത്തിന്റെ അടിസ്‌ഥാനത്തില്‍ പുനര്‍രചിക്കാന്‍ അനുവദിച്ചാല്‍ തെരഞ്ഞെടുപ്പ് ഒരു ആചാരമാകുകയും ജനാധിപത്യം വെറും സംഖ്യകളുടെ മത്സരമായി ചുരുങ്ങുകയും ചെയ്യും.
സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണം അന്തിമവിധിയല്ല. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തോട് അത് ചോദിക്കുന്ന ചോദ്യം അതീവ പ്രസക്‌തമാണ്: നിയമസഭയില്‍ പിന്നീട് രൂപപ്പെടുന്ന ഭൂരിപക്ഷമാണോ ജനാധിപത്യത്തിന്റെ അന്തിമ മാനദണ്ഡം, അതോ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ രേഖപ്പെടുത്തിയ രാഷ്‌ട്രീയ വിധിയാണോ? ആ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശ്വാസ്യതയും ഭാവിയും ഒരുപോലെ അടങ്ങിയിരിക്കുന്നത്.
ജോണ്‍ മാത്യു





Comments