
പെട്ടിമുടി ദുരന്തത്തിനു ശേഷം ആറു വര്‍ഷം പിന്നിട്ടിരിക്കുന്നു. 2020 ഓഗസ്‌റ്റ് ആറിന്റെ രാത്രി ഇടുക്കി രാജമലയ്‌ക്കു സമീപം ഉണ്ടായ ഉരുള്‍പൊട്ടലില്‍ 70 ജീവനുകളാണ് പൊലിഞ്ഞത്. ആറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആ ഓര്‍മകള്‍ക്കൊപ്പം മറ്റൊരു ചോദ്യംകൂടി ഉയരുന്നു: അന്നുയര്‍ന്ന വാഗ്‌ദാനങ്ങളില്‍ എത്രയെണ്ണം യാഥാര്‍ഥ്യമായി?
പ്രകൃതിദുരന്തങ്ങള്‍ പലപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തുള്ള സംഭവങ്ങളാണ്. എന്നാല്‍, ദുരന്തത്തിന്റെ ആഘാതം കുറയ്‌ക്കുകയും മനുഷ്യജീവന്‍ സംരക്ഷിക്കുകയും ചെയ്യുന്നത് ഭരണസംവിധാനങ്ങളുടെ ഉത്തരവാദിത്തമാണ്. അതിലുപരി, ദുരന്തത്തിനുശേഷം അതിജീവിതര്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുക ഒരു ക്ഷേമരാഷ്‌ട്രത്തിന്റെ അടിസ്‌ഥാന ബാധ്യതയുമാണ്. പെട്ടിമുടിയുടെ പശ്‌ചാത്തലത്തില്‍ ഈ ഉത്തരവാദിത്തം എത്രത്തോളം നിറവേറ്റപ്പെട്ടുവെന്ന ചോദ്യത്തിന് ഇന്നും വ്യക്‌തമായ മറുപടി ലഭിക്കുന്നില്ല.
ദുരന്തത്തിനുശേഷം നഷ്‌ടപരിഹാരവും വീടുകളും ഭൂമിയും സുരക്ഷിത തൊഴിലാളി പാര്‍പ്പിടങ്ങളും ഉള്‍പ്പെടെ വിവിധ പ്രഖ്യാപനങ്ങള്‍ ഉണ്ടായി. ചിലത് നടപ്പായി. എന്നാല്‍, ദുരന്തബാധിതര്‍ പറയുന്നതനുസരിച്ച് പല വാഗ്‌ദാനങ്ങളും ഇപ്പോഴും അപൂര്‍ണമാണ്. സുരക്ഷിതമായ തൊഴിലാളി ലയങ്ങള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമായില്ല. ഭൂമിയും വീടും സംബന്ധിച്ച പ്രഖ്യാപനങ്ങളും എല്ലാവരിലേക്കും എത്തിയിട്ടില്ല. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തെക്കുറിച്ചും പരാതികള്‍ നിലനില്‍ക്കുന്നു. പ്രഖ്യാപനവും നടപ്പാക്കലും തമ്മിലുള്ള ഈ അന്തരം ഭരണസംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമാണ്.
പെട്ടിമുടി സംഭവം കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളുടെ പ്രതീകം കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലയങ്ങളില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ക്കുപോലും ബുദ്ധിമുട്ടി കഴിയുന്ന കുടുംബങ്ങളുടെ അവസ്‌ഥ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ദുരന്തം ആ യാഥാര്‍ഥ്യത്തെ കൂടുതല്‍ വ്യക്‌തമായി സമൂഹത്തിന്റെ മുന്നിലെത്തിച്ചെങ്കിലും അതിന് അനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായെന്നു പറയാന്‍ കഴിയുന്നില്ല.
കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പശ്‌ചാത്തലത്തില്‍ അതിതീവ്രമഴയും ഉരുള്‍പൊട്ടലും കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്ന്. പശ്‌ചിമഘട്ട മേഖലകളിലെ അപകടസാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ ശാസ്‌ത്രലോകം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദുരന്തസാധ്യതാ മേഖലകളിലെ പാര്‍പ്പിടങ്ങളുടെ സുരക്ഷ, ശാസ്‌ത്രീയമായ ഭൂവിനിയോഗം, കൃത്യമായ മുന്നറിയിപ്പ് സംവിധാനം, സമയോചിതമായ ഒഴിപ്പിക്കല്‍ എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കണം.
പെട്ടിമുടി ദുരന്തകാലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നാട്ടുകാരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സായുധസേനയും സന്നദ്ധപ്രവര്‍ത്തകരും നടത്തിയ പ്രവര്‍ത്തനം കേരളം അഭിമാനത്തോടെ ഓര്‍ക്കുന്നതാണ്. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിലെ അതേ ആത്മാര്‍ഥത പുനരധിവാസത്തിലും പുനര്‍നിര്‍മാണത്തിലും തുടര്‍ന്നോ എന്ന ചോദ്യം അവശേഷിക്കുന്നു. ദുരന്തം കഴിഞ്ഞാല്‍ മാധ്യമശ്രദ്ധയും പൊതുചര്‍ച്ചയും പതിയെ മങ്ങും. എന്നാല്‍, ദുരന്തബാധിതരുടെ ജീവിതത്തില്‍ പ്രതിസന്ധി അവസാനിക്കുന്നില്ല. ആ യാഥാര്‍ഥ്യം ഭരണകൂടം മറക്കരുത്.
പെട്ടിമുടിയുടെ ആറാം വാര്‍ഷികം അനുശോചനത്തിന്റെയും അനുസ്‌മരണത്തിന്റെയും ദിവസം മാത്രമാകരുത്. പ്രഖ്യാപിച്ച എല്ലാ പുനരധിവാസ പദ്ധതികളുടെയും നിലവിലെ സ്‌ഥിതി സര്‍ക്കാര്‍ പൊതുസമൂഹത്തെ അറിയിക്കണം. ഇനിയും പൂര്‍ത്തിയാകാനുള്ളവ സമയബന്ധിതമായി നടപ്പാക്കണം. അതോടൊപ്പം, കേരളത്തിലെ എല്ലാ ദുരന്തസാധ്യതാ മേഖലകളിലുമുള്ള തൊഴിലാളി പാര്‍പ്പിടങ്ങളുടെ സുരക്ഷിതത്വം സമഗ്രമായി വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമുണ്ട്.
ദുരന്തങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരെ അനുസ്‌മരിക്കുന്നതിന്റെ ഏറ്റവും ഉചിതമായ മാര്‍ഗം അവരുടെ മരണത്തില്‍നിന്ന് സമൂഹം പാഠം ഉള്‍ക്കൊള്ളുക എന്നതാണ്. പെട്ടിമുടിയിലെ 70 ജീവനുകളുടെ ഓര്‍മയ്‌ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ആദരാഞ്‌ജലി, പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാക്കുകയും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയും സമാന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയായിരിക്കും.





Comments