
ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി സിനിമ 'സച്ചിന്: എ ബില്യണ്‍ ഡ്രീംസും' വന്‍ വിജയമായി മുന്നേറുന്നതിനിടയില്‍ ആരാധകരുടെ മുഴുവന്‍ ആകാംഷ വിനോദ് കാംബ്ളിയെക്കുറിച്ച് സിനിമ എന്തു പറയുന്നു എന്നായിരുന്നു. സച്ചിന്റെ ജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഭാഗമാണ് ബാല്യകാല സുഹൃത്തും സഹതാരവുമായ വിനോദ് കാംബ്ളിയെന്ന്് ആരാധകര്‍ക്ക് മുഴുവന്‍ അറിയാമെന്നിരിക്കെ സച്ചിന്റെ ബാല്യം മുതല്‍ 2011 ലോകകപ്പ് നേടുന്നത് വരെയുള്ള ജീവിതയാത്രയെ കുറിക്കുന്ന മെയ് 26 ന് പുറത്തുവന്ന സിനിമയില്‍ കാംബ്ളിയെ സച്ചിന് പിണക്കത്തിന്റെ പേരില്‍ ഒഴിവാക്കുമോ എന്നായിരുന്നു ആശങ്ക.
[VIDEO]
ഏതോ സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ പിണങ്ങിയ ഇരുവരും തമ്മില്‍ ഒരിക്കലും ഇനി ഒന്നിച്ചേക്കാന് സാദ്ധ്യതയില്ലെന്ന് ആരാധകര്‍ വിചാരിച്ചിരിക്കുമ്പോള്‍ സിനിമ റിലീസായതിന്റെ പിറ്റേന്ന് വിനോദ് കാംബ്ളി പോസ്റ്റ് ചെയ്ത ട്വീറ്റ് ഒന്നും അവസാനിച്ചിട്ടില്ല എന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. ബാല്യകാലത്തും ടീം ഇന്ത്യയിലും ഒരു കാലത്ത് സുഹൃത്തായിരുന്നു കാംബ്ളി സുഹൃത്തിന് വേണ്ടി പോസ്റ്റ് ചെയ്തത് ഏറ്റവും മധുരതരമായ സന്ദേശം. 'ഡീയര്‍ മാസ്റ്റര്‍ ബ്ളാസ്റ്റര്‍. ഐ ലവ് യൂ' എന്നായിരുന്നു. ഈ സന്ദേശം ആരാധകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സൗഹൃദത്തെ തിരിച്ചു കൊണ്ടുവരുമാറാകട്ടെ എന്നാണ് പ്രാര്‍ത്ഥന.
സിനിമ പുറത്തു വരുന്നതിന് മുമ്പ് തന്നെ എല്ലാവര്ക്കും ആകാംഷ സിനിമയില്‍ കാംബ്ളി ഉണ്ടാകുമോ എന്നായിരുന്നു. അകന്നതിന് ശേഷം ഒരിക്കല്‍ പോലും ഇരുവരും വേദി പങ്കിട്ടിരുന്നില്ല. തന്റെ വിരമിക്കല്‍ പ്രസംഗത്തില്‍ സച്ചിന് കാംബ്ളിയെ പരാമര്‍ശിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഏറ്റവും അടുത്ത സുഹൃത്തായിട്ടും തനിക്ക് വേണ്ടി സച്ചിന് ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് വിനോദ് കാംബ്ളി എത്തുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി മാറുകയും ചെയ്തു. എന്നാല്‍ വിനോദ് കാംബ്ളിയില് നിന്നും ഈ ട്വീറ്റ് വന്നതോടെ ഇരുവര്‍ക്കും ഇടയിലെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് 1988 ല്‍ സച്ചിനും കാംബ്ളിയും ചേര്‍ന്ന് കുറിച്ച 664 റണ്‍സിന്റെ കൂട്ടുകെട്ട് അക്കാലത്തെ റെക്കോഡായിരുന്നു. പ്ളേയിംഗ് ഇറ്റ് മൈ വേ എന്ന തന്റെ ആത്മകഥയില്‍ സച്ചിന് ഈ കൂട്ടുകെട്ട് പരാമര്‍ശിച്ചിരിക്കുന്നത് ഇപ്രകാരമാണ് '' 664 റണ്‍സിന്റെ ആ കൂട്ടുകെട്ട് അന്നത്തെ കാലത്തെ എല്ലാ ക്രിക്കറ്റിലെയും മികച്ചതായിരുന്നു. മുംബൈയിലെ അണ്ടര്‍ 16 ടൂര്‍ണമെന്റായ ഹാരിസ് ഷീല്‍ഡിലെ ഈ സെമി മത്സരം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒട്ടേറെ പരിഗണന കിട്ടാന്‍ കാരണമായി.'' സിനിമയില്‍ ഈ രംഗങ്ങള്‍ ചേര്‍ത്തിരിക്കുന്നത് എതിര് ടീമിലെ ബൗളര്‍മാര്‍ ഇരുവര്‍ക്കും എതിരേ പന്തെറിയാന്‍ മടിക്കുന്നതായിട്ടാണ്.
ഈ കൂട്ടുകെട്ടില്‍ പുറത്താകാതെ സച്ചിന് 326 റണ്‍സും കാംബ്ളി 349 റണ്‍സുമാണ് സ്കോര്‍ ചെയ്തത്. ക്രിക്കറ്റ് പിച്ചില്‍ സച്ചിന് നേടിയത് പോലെ തന്നെ സിനിമയും വന്‍ വിജയമായി മാറുകയാണ്. എല്ലാ ഭാഷയിലും കൂടി ആദ്യ ദിനം സിനിമ നേടിയത് 8.40 കോടിയായിരുന്നു. പതിയെ ഹിറ്റിലേക്ക് നീങ്ങുന്ന സിനിമ രണ്ടാം ദിനം സ്വന്തമാക്കിയതാകട്ടെ 9.20 കോടിയും മൊത്തത്തില്‍ സിനിമ 17.60 കോടി നേടി മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്.



