
ന്യുഡല്‍ഹി: അതിര്‍ത്തിയിലെ ഭീകര സംഘടനകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാതെ പാകിസ്താനുമായുള്ള ക്രിക്കറ്റ് കളി സാധ്യമാകില്ലെന്ന കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ത്യ എതിരല്ലെന്ന ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പാകിസ്താനുമായുള്ള മത്സരത്തിന് നടപടികള്‍ ആരംഭിക്കും മുന്‍പ് ബി.സി.സി.ഐ കേന്ദ്രസര്‍ക്കാരുമായി ആലോചിക്കണമെന്നും ഗോയല്‍ പറഞ്ഞു. അതിര്‍ത്തി കടന്ന് ഭീകരവാദം പ്രചരിപ്പിക്കുന്ന പാകിസ്താന് കശ്മീരില്‍ ഭീകരത പടര്‍ത്തുകയാണെന്നും ഗോയല്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അവരുമായി ഒരു ദ്വികക്ഷി മത്സരം ഇന്ത്യക്ക് കഴിയില്ല. ആക്രമണങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. അവരുടെ മേല്‍ നമ്മുക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ബി.സി.സി.ഐ കരാര്‍ ലംഘനം നടത്തിയെന്നും നഷ്ടപരിഹാരമായി 60 മില്യണ്‍ ഡോളര്‍ (ഏകദേശം387 കോടി രൂപ) നല്‍കണമെന്നും കാണിച്ച് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. 2015നും 2023നും ഇടയ്ക്ക് ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് ദ്വികക്ഷി മത്സരങ്ങളെങ്കിലും നടത്താമെന്ന കരാര്‍ ബി.സി.സി.ഐ ലംഘിച്ചുവെന്നാണ് ആരോപണം.
എന്നാല്‍, ദുബായില്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളെ ഈ ആഴ്ച അമിതാഭ് ചൗധരി കാണുമെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാതെ കളി തുടരാന്‍ കഴിയില്ലെന്നും ആ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും ആവശ്യപ്പെടും.
2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഒരു രാജ്യാന്തര ടീം പാകിസ്താനില്‍ മത്സരത്തിന് പോകാന്‍ തയ്യാറായിട്ടില്ല.





