
ന്യൂയോര്‍ക്ക്: കളിക്കളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന അത്ലറ്റുകളുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ആദ്യ 100 പേരുടെ പട്ടികയില്‍ ലോകഫുട്ബോളര്മാരായ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും ലയണേല്‍ മെസ്സിക്കുമൊപ്പം. റയല്‍മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഒന്നാമതുള്ള പട്ടികയില്‍ പക്ഷേ വിരാട് കോഹ്ലി 89 ാം സ്ഥാനത്താണ്.
ശമ്പളമായി മൂന്ന് ദശലക്ഷവും പരസ്യകരാറില്‍ നിന്നും 19 ദശലക്ഷവും ഡോളര്‍ കോഹ്ലി സമ്പാദിക്കുന്നുണ്ടെന്ന് മാസിക പറയുന്നു. ഇന്തയുടെ മഹാനായ ക്രിക്കറ്റര്‍ സച്ചിനൊപ്പം പരാമര്‍ശിക്കപ്പെടുന്ന കോഹ്ലി പത്തുലക്ഷം ഡോളര്‍ ടീം ഇന്ത്യയില്‍ നിന്നു നേടുന്നുണ്ട്. ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ ടീമിന്റെ കളിക്കാരന് എന്ന നിലയില്‍ അവിടെ നിന്നും 2.3 ദശലക്ഷം ഡോളറും വാങ്ങുന്നു. കോഹ്ലിയുടെ വരുമാനത്തിന്റെ ഒരു നല്ല ഭാഗവും വരുന്നത് സ്പോണ്‍സര്‍ഷിപ്പുകളില്‍ നിന്നാണ്.
പട്ടികയില്‍ മുന്നിലുള്ള ക്രിസ്ത്യാനോ റൊണാള്‍ഡോ കൈപ്പറ്റുന്നത് 93 ദശലക്ഷം ഡോളറുകളാണ്. തൊട്ടുപിന്നില്‍ രണ്ടാമത് 86.2 ദശലക്ഷം ഡോളര്‍ വരുമാനമുള്ളഅമേരിക്കയുടെ ബാസ്ക്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് നില്ക്കുന്നു. 80 ദശലക്ഷം പൗണ്ടാണ് മൂന്നാമത് നില്ക്കുന്ന ബാഴ്സിലോണയുടെ അര്‍ജന്റീനിയന്‍ ഫുട്ബോളര് മെസി ഉണ്ടാക്കുന്നത്. 64 ദശലക്ഷവുമായി ടെന്നീസ് താരം റോജര്‍ ഫെഡററും 64 ദശലക്ഷം ഡോളര്‍ വരുമാനമുള്ള അമേരിക്കന്‍ ബാസ്ക്കറ്റ്ബോള്‍ താരം കെവിന് ഡ്യുറാന്റ് അഞ്ചാമതും നില്ക്കുന്നു.
ആദ്യ നൂറു പേരുടെ പട്ടികയില്‍ പക്ഷേ ഒരു വനിതാ കായിക താരം മാത്രമാണ് ഉള്ളത്. അത് അമേരിക്കയുടെ സെറീനാ വില്യംസ്. 27 ദശലക്ഷം ഡോളറുള്ള സെറീന 51 ാം സ്ഥാനത്തുണ്ട്. ടെന്നീസ് മുന്‍ നമ്പര്‍ വണ്ണായ നോവാക്ക് ജോമക്കാവിക്ക് പതിനാറാമതും റാഫേല്‍ നദാല്‍ 33 ാമതുമുണ്ട്. ഇംഗ്ളണ്ടിന്റെ ഫുട്ബോള്‍ ടീം മുന്‍ നായകന് വെയ്ന്‍ റൂണിയുടെ സ്ഥാനം എഴുപതാമതാണ്. ആദ്യ നൂറു പേരുടെ പട്ടികയില്‍ അമേരിക്കന്‍ താരങ്ങളുടെ ബാഹുല്യമാണ്. എന്‍ബിഎ, എന്‍എഫ്എല്‍, എംഎല്‍ബി എന്നിവ വരുന്ന ബാസ്ക്കറ്റ്ബോള്‍, ഫുട്ബോള്‍, ബേസ്ബോള്‍ ഇനങ്ങളില്‍ നിന്നും 63 അമേരിക്കന്‍ താരങ്ങളാണ് ആദ്യ 100 പട്ടികയിലുള്ളത്.




