
കൊച്ചി: മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ കപ്പലിലെ ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കും. കുളച്ചില്‍ സ്വദേശി തമ്പിദുരൈ അസം സ്വദേശിയായ മറ്റൊരാളുടെയും മൃതദേഹമാണ് കിട്ടിയത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ബോട്ടില്‍ ഉറങ്ങുകയായിരുന്ന ഇവര്‍ വലിയ ശബ്ദം കേട്ടാണ് ഉണരുന്നത്. ഉടന്‍ തന്നെ ബോട്ട് മലക്കം മറിഞ്ഞതായും. പൂര്‍ണമായും വെള്ളത്തിലായതായും രക്ഷപെട്ടവര്‍ പറഞ്ഞു. കാണാതായവര്‍ ബോട്ടിന്റെ ഉള്ളില്‍ കിടക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്. കപ്പല്‍ ഉടന്‍തന്നെ തിരിഞ്ഞുപോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ആമ്പര്‍ എല്‍ എന്ന കപ്പലാണ് ഇടിച്ചത്. ഇടിച്ച കപ്പല്‍ നാവിക സേന പിടിച്ചെടുത്തിട്ടുണ്ട്.
സംഭവത്തില്‍ മൂന്ന് മത്സ്യത്തോഴിലാളകള്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
റഡാറുകളുടെ സഹായത്തോടെയാണ് കപ്പല്‍ കണ്ടെത്തിയത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണിത്. ചരക്കുകപ്പല്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. നാവികസേനാ ഉദ്യോഗസ്ഥര്‍ കപ്പല്‍ അധികൃതരുമായി സംസാരിച്ചിരുന്നു. ഇപ്പോള്‍ നില്ക്കുന്ന സ്ഥാനത്തുനിന്നും കപ്പല്‍ മാറ്റരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.






