
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഞായറാഴ്ച ഇന്ത്യാ-പാകിസ്താന് സ്വപ്നതുല്യ ഫൈനലിന് കളമൊരുങ്ങിയിരിക്കെ കഴിഞ്ഞ മത്സരം ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ചില നാഴികക്കല്ലുകളുടേത് കൂടിയായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി ഓപ്പണര്‍ ശിഖര്‍ ധവാന് നേടിയപ്പോള്‍ സെഞ്ച്വറിക്ക് തൊട്ടടുത്ത് ഇന്നിംഗ്സ് അവസാനിച്ച കോഹ്ലി തികച്ചത് 8000 റണ്‍സ് എന്ന നാഴികക്കല്ല്.
ബംഗ്ളാദേശിനെ സെമിയില്‍ വീഴ്ത്തിയ മത്സരത്തില്‍ ധവാന് അര്‍ദ്ധശതകം വെറും നാലു റണ്‍സ് അകലത്തില്‍ നഷ്ടമായപ്പോള്‍ നായകന് നാലു റണ്‍സ് അകലത്തില്‍ നഷ്ടമായത് സെഞ്ച്വറിയായിരുന്നു. 46 റണ്‍സ് നേടി ഇന്നിംഗ്സിന് അടിത്തറയിട്ട് ധവാന് മടങ്ങിയപ്പോള്‍ മറികടന്നത് ഇന്ത്യന്‍ മുന്‍ നായകന് സൗരവ് ഗാംഗുലിയെയായിരുന്നു. 665 റണ്‍സ് എന്ന ചാമ്പ്യന്‍സ് ലീഗില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ഗാംഗുലിയുടെ റെക്കോഡാണ് മറികടന്നത്.
ചാമ്പ്യന്‍സ്ട്രോഫിയിലെ രണ്ട് എഡീഷനുകളിലുമായി ധവാന് 680 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറികളും അനേകം അര്‍ദ്ധശതകങ്ങളും പെടും. 32 ല്‍ എത്തിയപ്പോള്‍ തന്നെ ഗാംഗുലി പിന്നിലായിരുന്നു. ഫെനലിലെ ഒരു മത്സരം ബാക്കി നില്‍ക്കേ തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടു എഡീഷനുകളില്‍ 300 ന് മുകളില്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന ഏക താരമാകാനും ശിഖര്‍ ധവാന് കഴിഞ്ഞു. 2013 ല്‍ അഞ്ചു മത്സരങ്ങളില്‍ 363 റണ്‍സുമായി മാന്‍ ഓഫ് ദി സീരീസ് നേടിയ ധവാന് ഈ സീസണില്‍ നാലു മത്സരങ്ങളില്‍ നിന്നു തന്നെ ഇതുവരെ 317 റണ്‍സും നേടിക്കഴിഞ്ഞു. ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികച്ച കാര്യത്തില്‍ ധവാന് സാക്ഷാല്‍ സച്ചിനെയാണ് മറികടന്നത്. സച്ചിന് 1000 ല്‍ എത്താന്‍ 18 ഇന്നിംഗ്സ് വേണ്ടി വന്നപ്പോള്‍ ധവാന് വേണ്ടിവന്നത് 16 എണ്ണമാണ്.
ബംഗ്ളാദേശിനെതിരേയുള്ള മത്സരം മറ്റൊരു നാഴികക്കല്ല് കൂടി കണ്ടു. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വേഗത്തില്‍ 8000 തികയ്ക്കുന്ന ബാറ്റ്സ്മാനായി മാറി. സെമിയില്‍ ബംഗ്ളാദേശിനെതിരേ പുറത്താകാതെ 96 റണ്‍സ് എടുത്ത കോഹ്ലി 175 ഇന്നിംഗ്സുകളില്‍ നിന്നുമാണ് ഈ നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കന്‍ നായകനും ഐപിഎല്ലില്‍ സഹതാരവുമായ എബി ഡിവിലിയേഴ്സിനെയാണ് കോഹ്ലി ഇക്കാര്യത്തില്‍ മറികടന്നത്. ഡിവിലിയേഴ്സിന് 182 ഇന്നിംഗ്സുകള്‍ വേണ്ടി വന്നു. മത്സരത്തില്‍ 88 റണ്‍സ് എടുത്തപ്പോള്‍ തന്നെ കോഹ്ലി 8000 ല്‍ എത്തി.



