
ന്യൂഡല്‍ഹി: ക്രിക്കറ്റിന് വേണ്ടി മരിക്കുന്ന ആരാധകനാണോ? എങ്കില്‍ നിശ്ചയമായും കണ്ടിരിക്കേണ്ട പോരാട്ടങ്ങളില്‍ ഒന്ന് ഇന്ത്യാ പാകിസ്താന് മത്സരമാണെന്ന് ആരും പറയും. അത് ഫൈനലാണെങ്കില്‍ കൂടുതല്‍ പിന്നെ പറയുകയും വേണ്ട. കാരണം ഓരോ പന്തും നെഞ്ചിടിപ്പോടെ അല്ലാതെ ഇന്ത്യയിലെയും പാകിസ്താനിലെയും ഒരു കാണികള്‍ക്കും ഇരിക്കാനാകില്ല. കാണികളുടെ അവസ്ഥ ഇതാണെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി പോരാടുന്ന കളിക്കാരുടെ ടെന്‍ഷന്‍ എന്തായിരിക്കും.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ-പാകിസ്താന് ഫൈനല്‍ വരുമ്പോഴും സ്ഥിതി അങ്ങിനെയൊക്കെ തന്നെയാണ്. മുമ്പ് നടന്ന ഒരു ഇന്ത്യാ പാക് മത്സരത്തിന് മുമ്പ് 12 ദിവസങ്ങളോളം തനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നതായിട്ടാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ ഓര്‍മ്മിക്കുന്നത്. 2003 ലോകകപ്പില്‍ മാര്‍ച്ച് 1 ന് നടന്ന ഇന്ത്യ പാകിസ്താനെ തകര്‍ത്ത മത്സരമാണ് സച്ചിന്റെ ഉറക്കം കെടുത്തിയത്.
സച്ചിന് ശതകം കുറിച്ച് പാക് ബൗളിംഗിനെ പിച്ചിച്ചീന്തിയ മത്സരത്തില്‍ പാകിസ്താന്റെ 274 റണ്‍സ് മറികടന്നായിരുന്നു ഇന്ത്യ വിജയം നേടിയത്. പാക് താരം സയീദ് അന്‍വറിന്റെ സെഞ്ച്വറി പാഴായ മത്സരത്തില്‍ മികച്ച പേസ് അറ്റാക്കിനെ അതിജീവിച്ചായിരുന്നു മാസ്റ്റര്‍ ബ്ളാസ്റ്റര്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഷൊയബ് അക്തറിന്റെ ആദ്യ ഓവറിലെ മൂന്ന് പന്തുകള്‍ തന്നെ സച്ചിന് ഗതിമാറ്റി. ബൗണ്‍സറായ രണ്ടാം പന്ത് തേഡ്മാന് മുകളിലുടെ ഒരു സിക്സര്‍, തൊട്ടടുത്ത പന്ത് ഡ്രൈവിലൂടെ ഫോര്‍. തൊട്ടടുത്ത രണ്ടു പന്തുകളിലും ബൗണ്ടറികള്‍ നേടി. ഇതിനെക്കുറിച്ച് സച്ചിന് പറഞ്ഞത് ഇങ്ങിനെയായിരുന്നു.
''ഏതാനും പന്തുകള്‍ നന്നായി കളിക്കാന്‍ കിട്ടി. അവ ബാറ്റില്‍ നിന്നും പോകുകയും ചെയ്തു. കാര്യങ്ങള്‍ നന്നായി പോകാന്‍ തുടങ്ങി. '' രണ്ടു വര്‍ഷത്തിന് ശേഷം സച്ചിന് പറഞ്ഞു '' ഷൊയബ് ഒരു ഷോര്ട്ട്ബോളും വൈഡും എറിഞ്ഞു' രണ്ടും നന്നായി അടിക്കാനായി. ഒരെണ്ണം സിക്സറായി. ഇത് കൊള്ളാമല്ലോ. എന്നാല്‍ പിന്നെ എന്തുകൊണ്ട് ഇങ്ങിനെ ചെയ്യാതിരിക്കണമെന്ന് ഞാന്‍ ചിന്തിച്ചു.'' ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയതിനാല്‍ പിന്നീട് ബൗള്‍ ചെയ്യാന്‍ അക്തര്‍ തയ്യാറായില്ല എന്നാണ് പിന്നീട് അന്ന് പാക് നായകനായിരുന്ന വാസീം അക്രം പറഞ്ഞത്.
എന്തായാലും ഈ ഓവറിന് ശേഷം സച്ചിന് പിന്നെ തിരിഞ്ഞു നോക്കിയില്ല. വന്നവര്‍ക്കെല്ലാം നല്ല അടികിട്ടി. ഒടുവില്‍ സെഞ്ച്വറിക്ക് രണ്ടു റണ്‍സ് പിറകില്‍ സച്ചിന് ഷൊയബിന്റെ ഷോര്‍ട്ട്ബോളില്‍ വീണെങ്കിലും ഈ സമയം ഇന്ത്യ വിജയ ട്രാക്കില്‍ എത്തിക്കഴിഞ്ഞിരുന്നു. ബാക്കിയുള്ള ജോലികള്‍ യുവരാജ് സിംഗും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് നടത്തി. ലോകകപ്പില്‍ പാകിസ്താന് മേല്‍ ഇന്ത്യയുടെ തുടര്‍ച്ചയായ വിജയം. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്.
ചാമ്പ്യന്‍സ് ട്രോഫി 2008 ല്‍ ആദ്യം തുടങ്ങിയ ശേഷം ഇന്ത്യയും പാകിസ്താനും നേര്‍ക്ക് നേര് വരുന്ന ആദ്യ ഫൈനല്മത്സരമാണ് ഞായറാഴ്ച നടക്കുന്ന്. ഇതിന് മുമ്പ് ഇരു ടീമുകളും തമ്മില്‍ 2007 ലോക ട്വന്റി20 ഫൈനലിലും ഇന്ത്യ പാകിസ്താനെ കീഴടക്കിയിരുന്നു. ജോഹന്നാസ് ബര്‍ഗില്‍ മിസ്ബാ ഉള് ഹക്കിന്റെ അവസാന ക്യാച്ച് അന്ന് എടുത്തത് മലയാളിതാരം ശ്രീശാന്തായിരുന്നു. ഒരിക്കല്‍ കൂടി ഇന്ത്യയും പാകിസ്താനും ഐസിസിയുടെ ഒരു ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുമ്പോള്‍ ഏറെ ആകാംഷയിലാണ് ഇരു രാജ്യത്തെയൂം ആരാധകര്‍.






