
ന്യൂയോര്‍ക്ക്: വംശീയ വിരുദ്ധ ആംഗ്യം കാണിച്ച ഈജിപ്‌ഷ്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് ഹൊസാം ഹസന് പിന്തുണയുമായി മൊറോക്കോ താരങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അവര്‍ പിന്തുണ പ്രഖ്യാപിച്ചത്.
അര്‍ജന്റീനയ്‌ക്കെതിരേ നടന്ന പ്രീ ക്വാര്‍ട്ടറിന്റെ ഇഞ്ചുറി ടൈമില്‍ ഈജിപ്‌തിന്റെ കോച്ചിങ് സ്‌റ്റാഫിന് റഫറി മഞ്ഞക്കാര്‍ഡ് കാര്‍ഡ് കാണിച്ചിരുന്നു. പ്രകോപിതനായ ഈജിപ്‌ത് കോച്ച് ടച്ച് ലൈനില്‍ ഇരു കൈകളും 'എക്‌സ്' ആകൃതിയില്‍ റഫറിക്ക് നേരെ ആഗ്യം കാണിക്കുകയായിരുന്നു.
ഫിഫയുടെ വംശീയ വിരുദ്ധ നിയമപ്രകാരം മൈതാനത്ത് വംശീയ അധിക്ഷേപം നേരിട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ താരങ്ങളോ കോച്ചുമാര്‍ അടക്കമുള്ള സപ്പോര്‍ട്ട് സ്‌റ്റാഫോ ഔദ്യോഗികമായി ഉപയോഗിക്കേണ്ട അടയാളമാണിത്.
അര്‍ജന്റീനയുടെ ലയണല്‍ മെസിയും ഹസനും തമ്മിലുണ്ടായ ചില നാടകീയ സംഭവങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായി. മെസി ഹസന്റെ മുന്നില്‍ നില്‍ക്കുന്ന വീഡിയോയാണ് പ്രചരിച്ചിരുന്നു. മെസി എന്താണ് പറഞ്ഞതെന്ന് സ്‌ഥിരീകരിക്കാന്‍ സാധിച്ചില്ല. വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് ഫിഫക്ക് ഔദ്യോഗികമായി പരാതി ലഭിക്കുകയാണെങ്കില്‍ മാത്രമേ സ്വതന്ത്ര അച്ചടക്ക സമിതി അന്വേഷണം നടത്തുകയുള്ളൂ. റഫറിയിങ്ങിനെതിരേ ഗുരുതര ആരോപണവുമായി ഈജിപ്‌ത് താരം മുസ്‌തഫ സിക്കോയും ഹൊസം ഹസനും മുന്നോട്ട് വന്നിരുന്നു. ഈ ലോകകപ്പ് മുഴുവന്‍ മുന്‍കൂട്ടി നിശ്‌ചയിച്ചതാണെന്നും അര്‍ജന്റീനക്ക് കിരീടം നല്‍കുന്നതിന് വേണ്ടി റഫറിമാരെ ഉപയോഗിച്ചുകൊണ്ട് ടൂര്‍ണമെന്റ് നിയന്ത്രിക്കുകയാണെന്നുമാണ് സിക്കോ മത്സരശേഷം പറഞ്ഞ്.




