
ക്രിക്കറ്റ് ഇന്ത്യയ്ക്കെന്നും ആവേശമാണ്. പക്ഷേ പാക്കിസ്ഥാനുമായി ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് അത് പലപ്പോഴും ആവേശത്തില്‍ കവിഞ്ഞ വികാരമാണ്. സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും വെല്ലുവിളികളും വാഗ്വാദങ്ങളും നിറയുന്ന സമയം. തോല്‍വി എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. ഇന്ത്യയ്ക്ക് മാത്രമല്ല പാക്കിനും സമാന വികാരം. ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയിലും അത് കണ്ടു. ഇന്ത്യന്‍ ആരാധകര്‍ നിരാശരായെങ്കിലും പാക്ക് പടയ്ക്ക് ഇത് ചരിത്ര വിജയമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ കിരീടം. അതും ഇന്ത്യയെ അനായാസം പരാജയപ്പെടുത്തി. ഇതോടെ പാക്കിസ്ഥാനില്‍ ആഘോഷങ്ങള്‍ തുടങ്ങി.
ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദും ടീമും ഇപ്പോള്‍ രാജാക്കന്മാരാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇന്ത്യയെ തകര്‍ത്ത് ആദ്യ കിരീടവുമായി എത്തിയവര്‍ക്ക് എയര്‍പോട്ടില്‍ രാജകീയ സ്വീകരണം. നൂറു കണക്കിന് ആരകധകരാണ് എയര്‍പോര്‍ട്ടില്‍ തടിച്ചു കൂടിയത്. ആദ്യമായി പാക്ക് മണ്ണില്‍ ചാമ്പ്യന്‍സ് ട്രോഫി എത്തി.
ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റെ വീട്ടിലും ആളുകള്‍ തടിച്ചു കൂടി. പാക്കിസ്ഥാന്റെ തനത് രീതിയില്‍ രാജകീയ തലപ്പാവും ഷാളും അണിയിച്ചാണ് സര്‍ഫറാസിനെ സ്വീകരിച്ചത്. വീട് സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ കറാച്ചി ലൈറ്റുകളാലും പാക്ക് കൊടികള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. ചാമ്പ്യനെ രാജ്യം സ്നേഹം കൊണ്ട് മൂടി. എട്ടാം റാങ്കുകാരായി പോയ ടീം കപ്പും നേടി റാങ്കിങില്‍ ആറാം സ്ഥാനവും സ്വന്തമാക്കി.




