
ലോസാഞ്ചലസ്: ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സ്‌പാനിഷ് താരം ലാമിനെ യമാലും കുഞ്ഞനിയന്‍ കെയ്‌നും. ബെല്‍ജിയത്തിനെതിരേ നടന്ന മത്സരത്തില്‍ ''ചേട്ടന്റെ'' ടീമിനായി ആര്‍പ്പ് വിളിക്കാന്‍ മൂന്ന് വയസുകാരനായ കെയ്‌ന്‍ ഗാലറിയിലുണ്ടായിരുന്നു.
മത്സരത്തിനിടെ ക്യാമറകള്‍ പലതവണ ഗാലറിയിലുണ്ടായിരുന്ന കെയ്‌നിലേക്ക് തിരിഞ്ഞു. സ്‌പെയിനെ ആവേശത്തോടെ കൈവീശി പ്രോത്സാഹിപ്പിക്കുന്ന കുരുന്നിന്റെ ദൃശ്യങ്ങള്‍ ക്ഷണ നേരം കൊണ്ടു സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ക്യാമറകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോള്‍ നാക്ക് നീട്ടാന്‍ കെയ്‌ന്‍ മറന്നില്ല.
ഓസ്‌ട്രിയയ്‌ക്കെതിരേ നടന്ന നോക്കൗട്ടിലും കെയ്‌ന്‍ ഗാലറിയിലുണ്ടായിരുന്നു. 2022 സെപ്‌റ്റംബറില്‍ ജനിച്ച കെയ്‌ന് യമാലുമായി 15 വയസിന്റെ പ്രായവ്യത്യാസമുണ്ട്. അടുക്കളയും കിടപ്പുമുറിയും ഒരേ മുറിയിലായിരുന്ന ഒരു ചെറിയ ഫ്‌ളാറ്റിലായിരുന്നു താന്‍ വളര്‍ന്നതെന്നും തനിക്കു ലഭിക്കാതെ പോയ കുട്ടിക്കാലം അനിയന് ലഭിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും യമാല്‍ മുന്‍പ് പറഞ്ഞിരുന്നു.
പാരീസില്‍ നടന്ന ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ റെഡ് കാര്‍പെറ്റില്‍ ഫുട്‌ബോള്‍ കളിച്ചും ബാഴ്‌സലോണയുടെ കിരീടാഘോഷങ്ങള്‍ക്കിടെ മൈതാനത്ത് നൃത്തം ചെയ്‌തും കെയ്‌ന്‍ പ്രിയങ്കരനായിരുന്നു.





