
ലോസാഞ്ചലസ്: നീണ്ട 649 മിനിറ്റുകള്‍ക്ക് ശേഷം സ്‌പെയിന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ഗോള്‍ വഴങ്ങി. സ്‌പെയിന്‍ ബെല്‍ജിയത്തിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഈ ലോകകപ്പില്‍ ആദ്യമായി ഗോള്‍ വഴങ്ങിയത്.
മത്സരത്തിന്റെ 41-ാം മിനിറ്റില്‍ ഒരു ഹെഡറിലുടെ കെറ്റെലാറെ സ്‌പാനിഷ് ഗോള്‍ കീപ്പര്‍ ഉനായ് സിമോണിനെ മറികടന്നു വല കുലുക്കി. ലോകകപ്പില്‍ തുടര്‍ച്ചയായി 649 മിനിറ്റുകളാണ് സ്‌പാനിഷ് സംഘം ഗോള്‍ വഴങ്ങാതിരുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയക്ല ീന്‍ഷീറ്റായിരുന്നു ഇത്. 2022 ലോകകപ്പിലെ ജപ്പാനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരം മുതല്‍ ഈ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ സ്‌പാനിഷ് പ്രതിരോധം തകര്‍ക്കാനായില്ല. ലിയാന്‍ഡ്രോ ട്രൗസാഡും കെവിന്‍ ഡി ബ്രുയിനയും ചേര്‍ന്നുള്ള നീക്കമാണ് ഗോളിലെത്തിയത്. ഡിബ്രുയിന്‍ നല്‍കിയ പന്ത് തിമോത്തി കസ്‌റ്റാന്യ ബോക്‌സിലേക്ക് മറിച്ചു നല്‍കി. ബോക്‌സില്‍ കാത്തുനിന്ന കെറ്റെലാറെ ഹെഡറിലൂടെ പന്ത് വലയിലാക്കി. അതോടെ 650 മിനിറ്റ് ഗോള്‍ വഴങ്ങാതെനിന്ന ഉനായ് സിമോണ്‍ കീഴടങ്ങി. ഏറ്റവും കുടുതല്‍ സമയം ഗോള്‍ വഴങ്ങാതെനിന്ന റെക്കോഡും താരം സ്വന്തമാക്കി. ഇറ്റലിയുടെ വാള്‍ട്ടര്‍ സംഗ 1990 ലോകകപ്പില്‍ കുറിച്ച 517 മിനിറ്റിന്റെ റെക്കോഡാണു സിമോണ്‍ സ്വന്തം പേരിലാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിവാദവും ഇടംപിടിച്ചിരുന്നു. ഹാന്‍ഡ് ബോള്‍ അനുവദിക്കാത്ത റഫറിയുടെ തീരുമാനത്തെച്ചൊല്ലിയാണു വിമര്‍ശനം. ബോക്‌സില്‍ സ്‌പാനിഷ് താരം റോഡ്രിയുടെ കൈയില്‍ പന്തു തട്ടിയതോടെ ബെല്‍ജിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തു.
ഇംഗ്ലീഷുകാരന്‍ റഫറി മൈക്കിള്‍ ഒലിവര്‍ വാര്‍ ഉപയോഗിക്കാതെ കളി തുടരാന്‍ അനുവദിച്ചു. മത്സരം 1-1 എന്ന നിലയില്‍ നില്‍ക്കെയാണ് സംഭവം. പന്ത് കൈയില്‍ തട്ടിയെന്ന് വ്യക്‌തമായിട്ടും പെനാല്‍റ്റി അനുവദിക്കാത്തതു വിമര്‍ശനത്തിനു കാരണമായി. സ്‌പാനിഷ് താരം ഐമെറിക് ലാപോട്ടയുടെ തലയില്‍നിന്ന് നേരിട്ട് വന്ന പന്താണ് റോഡ്രിയുടെ കൈയില്‍ തട്ടിയത്. ലാപോട്ട വളരെ അടുത്തുനിന്ന് നടത്തിയ ഹെഡറില്‍ റോഡ്രിക്ക് കൈ മാറ്റാന്‍ സമയം ലഭിക്കും മുമ്പേ തട്ടുകയായിരുന്നു. ലാപോട്ടയുടെ ശിരസിനൊപ്പമായിരുന്നു റോഡ്രിയുടെ കൈ.





