
ലണ്ടന്‍: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ കൂറ്റന്‍ സ്‌കോറുമായി ഇംഗ്ലണ്ട്.
സതാംപ്‌ടണിലെ റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 257 റണ്ണെടുത്തു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. സതാംപ്‌ടണിലെ ട്രാഫിക് ബ്ലോക്കില്‍ പെട്ട് ഇന്ത്യന്‍ ടീം വരാന്‍ താമസിച്ചതോടെ 45 മിനിറ്റ് വൈകിയാണു മത്സരം തുടങ്ങിയത്. ഓഷ്യന്‍ വില്ലേജിലെ ലിയനാഡോ റോയല്‍ ഹോട്ടലിലാണ് ഇന്ത്യന്‍ താരങ്ങള്‍ താമസിച്ചത്.
ഓപ്പണര്‍ ജോസ് ബട്ട്‌ലറുടെ (64 പന്തില്‍ എട്ട് സിക്‌സറും 12 ഫോറുമടക്കം 131) സെഞ്ചുറിയും നായകന്‍ ഹാരി ബ്രൂകിന്റെ (45 പന്തില്‍ എട്ട് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 95) വെടിക്കെട്ടുമാണ് അവരെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 233 റണ്ണിന്റെ റെക്കോഡുണ്ടാക്കി. പ്രിന്‍സ് യാദവ് നാല് ഓവറില്‍ 60 റണ്ണും അക്ഷര്‍ പട്ടേല്‍ 63 റണ്ണും വഴങ്ങി.
ബട്ട്‌ലറും ബ്രൂകും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 24 പന്തില്‍ 50 റണ്ണും 48 പന്തില്‍ 100 റണ്ണും കടന്നു. ബ്രൂക് 19 പന്തിലും ബട്ട്‌ലര്‍ 34 പന്തിലും അര്‍ധ സെഞ്ചുറിയിലെത്തി. 51 പന്തിലായിരുന്നു ബട്ട്‌ലറുടെ സെഞ്ചുറി. കൂട്ടുകെട്ട് 87 പന്തില്‍ 200 റണ്ണും കടന്നു. ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ (ആറ്) പ്രസിദ്ധ കൃഷ്‌ണ സൂര്യാംശ് ഷെഡ്‌ഗെയുടെ കൈയിലെത്തിച്ചിരുന്നു. ജേക്കബ് ബെതലിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ ശിവം ദുബെ തിലക് വര്‍മയുടെ കൈയിലെത്തിച്ചു. ഇംഗ്ലണ്ട് 3-0 ത്തിനു പരമ്പര സ്വന്തമാക്കിയതിനാല്‍ അവസാന മത്സരം അപ്രസ്‌കതമാണ്. ബ്രിസ്‌റ്റോളില്‍ നടന്ന നാലാം ട്വന്റി20 യില്‍ ഒന്‍പത് വിക്കറ്റിനു ജയിച്ചതോടെയാണ് ഇംഗ്ലണ്ട് പരമ്പര ഉറപ്പാക്കിയത്.





