
ലോസാഞ്ചലസ്: സ്‌പെയിനെതിരേ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പിഴവ് വരുത്തിയ ഗോള്‍ കീപ്പര്‍ സെന്നെ ലാമ്മന്‍സിനു പിന്തുണയുമായി ബെല്‍ജിയത്തിന്റെ ഒന്നാം നമ്പര്‍ തിബൗത്ത് കോര്‍ട്ടോസിസ്.
പുതുമുഖത്തിന്റെ സമ്മര്‍ദം മനസിലാക്കാനാകുമെന്നും ക്വാര്‍ട്ടര്‍ പോലുള്ള മത്സരത്തില്‍ കളിക്കേണ്ടി വരുമെന്ന് ലാമ്മന്‍സ് പ്രതീക്ഷിച്ചിരുന്നില്ലെന്നും കോര്‍ട്ടോസിസ് പറഞ്ഞു. മത്സരത്തിന്റെ 71-ാം മിനിറ്റിലാണു കോര്‍ട്ടോസിസിനെ പേശീ വലിവ് മൂലം തിരിച്ചു വിളിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ കീപ്പറായ സെന്നെ ലാമ്മന്‍സിന്റെ ലോകകപ്പിലെ കന്നി മത്സരമായിരുന്നു അത്. പരിശീലനത്തിനിടെ പരുക്കേറ്റ് യൂറി ടിലെമാന്‍സ് പുറത്തായ ക്ഷീണത്തിലായിരുന്ന ബെല്‍ജിയത്തിന് കോര്‍ട്ടോസിസ് തിരിച്ചു കയറിയതും തിരിച്ചടിയായി. മത്സരം 1-1 നു നില്‍ക്കേയാണു ലാമ്മന്‍സിനു കളിക്കാനിറങ്ങേണ്ടി വന്നത്.
പുതുമുഖത്തിന്റെ സമ്മര്‍ദം ലാമ്മന്‍സിന്റെ ചലനങ്ങളില്‍ പ്രകടമായിരുന്നു. 88-ാം മിനിറ്റിലാണു യുവ ഗോള്‍ കീപ്പര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന സംഭവമുണ്ടായത്. പൗ കുബാഴ്‌സിയുടെ ലോങ് റേഞ്ചിനെ തടുത്തെങ്കിലും കൈയിലൊതുക്കാന്‍ ലാമ്മന്‍സിനായില്ല. കൈയില്‍നിന്നു തെറിച്ച പന്ത് മെറീനോയ്‌ക്കു പാകത്തിനായിരുന്നു. ലാമ്മന്‍സിന്റെ കൈകള്‍ക്കിടയിലൂടെ പന്ത് വലയിലേക്ക്. 64-ാം മിനിറ്റ് മുതലാണ് കോര്‍ട്ടോസിസ് പേശീവലിവിന്റെ ലാഞ്ചന കാണിച്ചു തുടങ്ങിയത്‌്.
തുടര്‍ന്നു കളിക്കാന്‍ ഒരുക്കമായിരുന്നെങ്കിലും ഗോള്‍ കിക്കെടുക്കാന്‍ ബുദ്ധിമുട്ടാകുമെന്നു കാണിച്ച് കോച്ച് ഗൗള്‍ ഗാഴ്‌സിയ താരത്തെ പിന്‍വലിച്ചു. കണ്ണീരോടെയാണു കോര്‍ട്ടോസിസ് ലാമ്മന്‍സിനു വഴിമാറിയത്. ലാമ്മന്‍സിന്റെ മൂന്നാം രാജ്യാന്തര മത്സരമായിരുന്നു അത്. ലോകകപ്പ് യോഗ്യതാ മത്സരത്തിലും രാജ്യാന്തര സൗഹൃദ മത്സരത്തിലുമാണു മുമ്പ് കളിച്ചത്‌്. ബെല്‍ജിയത്തിനായി 115 മത്സരങ്ങള്‍ കളിച്ച താരമാണു കോര്‍ട്ടോസിസ്.





