
മുംബൈ: ഫൈനലില്‍ പാകിസ്താനോട് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യയിലെ ക്രിക്കറ്റ്പ്രേമികളുടെ ചിന്തയില്‍ ഉടലെടുത്തിട്ടുള്ള ചോദ്യങ്ങളില്‍ ഒന്നാണ് പരിശീലകന് കുംബ്ളേയും നായകന് വിരാട് കോഹ്ലിയും തമ്മിലുള്ള പടലപിണക്കമാണോ തോല്‍വിക്ക് കാരണം എന്നത്. എന്തായാലും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉടനീളം ഇരുവരും തമ്മില്‍ രസത്തിലായിരുന്നില്ലെന്നും ഫൈനലിലേക്ക് എത്തുമ്പോള്‍ അത് കൂടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ടീം ഇംഗ്ളണ്ടില്‍ നിന്നും വെസ്റ്റിന്‍ഡീസിലേക്ക് പര്യടനത്തിന് പറന്നതിന് തൊട്ടു പിന്നാലൊണ് അനില്‍ കുംബ്ളേ സ്ഥാനം രാജി വെച്ചത്. മുന്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നിലവിലെ ഉപദേശകസമിതി താരത്തിന് കാലം നീട്ടി നല്‍കിയെങ്കിലും തുടരാന്‍ കുംബ്ളേ കൂട്ടാക്കിയില്ല. തിങ്കളാഴ്ച രാത്രിയില്‍ കുംബ്ളേയും കോഹ്ലിയും ബിസിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി, സിഇഒ രാഹുല്‍ ജോഹ്രി, ജനറല്‍ മാനേജര്‍ എംവി ശ്രീധര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെ കുംബ്ളേയില്ലാത്ത ടീം ഇന്ത്യയുടെ ബസ് വിമാനത്താവളത്തിലേക്ക് പോകുകയും ചെയ്തു.
ഞായറാഴ്ച കളി തോറ്റതിന് പിന്നാലെ കളിക്കാരില്‍ ചിലര്‍ അനില്‍ കുബ്ളേയുടെ അനാവശ്യ ഇടപെടലിനെതി പരാതി നല്‍കിയിരുന്നു. മത്സരം തോറ്റതിന് പിന്നാലെ ഓരോ കളിക്കാരുടെയും പ്രകടനം വിലയിരുത്തിയ കുംബ്ളേ ഡ്രസ്സിംഗ് റൂമില്‍ വിമര്‍ശിച്ചപ്പോള്‍ ഇവരില്‍ ചിലരുടെ മറുപടി താരത്തെ ഞെട്ടിക്കുകയും ചെയ്തു. ടീമിന്റെ മോശം ബൗളിംഗിനെക്കുറിച്ച് പറയുകയും ബൗളിംഗ് ലൈനപ്പിനെ ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തപ്പോള്‍ ഇന്ത്യയുടെ ചില ഇതിഹാസ ബൗളര്‍മാരുടെ വരെ മോശം പ്രകടനത്തോട് താരതമ്യപ്പെടുത്തിയാണ് അവര്‍ അവഗണിച്ചത്.
തനിക്കും നായകനും ഇടയിലുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ബിസിസിഐ ഇടപെട്ടെങ്കിലും ഇനിയും സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോകുന്നതാണ് ഉത്തമമെന്ന് താന്‍ മനസ്സിലാക്കിയെന്ന് കുംബ്ളേ ട്വീറ്റ് ചെയ്തത്. ഇന്ത്യയുടെ മുഖ്യ പരിശീലകനായുള്ള സ്ഥാനം രാജിവെച്ചതായി കൂംബ്ളേ അറിയിച്ചെന്ന് വ്യക്തമാക്കി പിന്നാലെ ബിസിസിഐ യും ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് ഉപദേശക സമിതി കാലാവധി നീട്ടി നല്കാന് തീരുമാനിച്ചിരുന്നെങ്കിലും കുംബ്ളേ നിഷേധിച്ചെന്നും പറഞ്ഞു.
കുംബ്ളേയും കോഹ്ലിയും തമ്മിലുള്ള മത്സരം ചാമ്പ്യന്‍സ്ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളില്‍ ഉടനീളം ഉണ്ടായിരുന്നു. ടൂര്‍ണമെന്റിന് ഇടയില്‍ ടീം ഇന്ത്യയുടെ ഒരു വാര്‍ത്താസമ്മേളനത്തില്‍ പോലും അനില്‍ കുംബ്ളേ ഉണ്ടായിരുന്നില്ല. എല്ലാറ്റിനും പിന്നില്‍ നില്‍ക്കുകയായിരുന്നു താനും. മറുവശത്ത് വാര്‍ത്താസമ്മേളനത്തില്‍ ഒരിക്കല്‍ പോലും കുംബ്ളേയുടെ പേര് പറയാനോ അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്താനോ വിരാട് കോഹ്ലിയും തയ്യാറായില്ല. സഹപരിശീലകന്‍ സഞ്ജയ് ബംഗാറിനും തന്റെ ബാറ്റില്‍ വിജയത്തിന് പിന്നില്‍ സ്പെഷ്യലിസ്റ്റ് രാഘവേന്ദ്രയ്ക്കും വരെ നന്ദി പറഞ്ഞിട്ടും കോഹ്ലി കുംബ്ളേയുടെ പേര് പരാമര്‍ശിച്ചില്ല.
ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് അന്നു മുതല്‍ സംശയവും ഉയര്‍ന്ന് തുടങ്ങിയിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ ഇത്രയധികം പ്രശ്നം ഉണ്ടായിട്ടും അത് എന്തുകൊണ്ട് പരമ്പരയുടെ മാനേജര്‍ അനില്‍ പട്ടേല്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ക്രിക്കറ്റ് ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ട ചാമ്പ്യന്‍സ്ട്രോഫി വരെ എന്തുകൊണ്ട് ഇത് മറയ്ക്കപ്പെട്ടു എന്ന ചോദ്യവും ഉയരുന്നുണ്ട്.






