
കോഴിക്കോട്: മാനാഞ്ചിറ ഡോ. സി.ബി.സി. മെമ്മോറിയല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഫീസ്‌റ്റോ അഖിലേന്ത്യാ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ കെ.എസ്.ഇ.ബി. വനിതകള്‍ ഫൈനലില്‍ കടന്നു.
കെ.എസ്.ഇ.ബി ഇന്നലെ നടന്ന സെമി ഫൈനലില്‍ ഐ.സി.എഫ് ചെന്നൈയെ (99-27) തോല്‍പ്പിച്ചാണു ഫൈനലിനു യോഗ്യത നേടിയത്. ഏകപക്ഷീയമായ മത്സരത്തില്‍ കെ.എസ്.ഇ.ബിക്കായി ജെസ്ലി പി.എസ്. 17 പോയിന്റും സ്വപ്‌ന മെറിന്‍ ജിജു 15 പോയിന്റും നേടി.
ഈസ്‌റ്റേണ്‍ റെയില്‍വേ (83-47), സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (68-64) എന്നിവരെയും തോല്‍പ്പിച്ച കെ.എസ്.ഇ.ബി. ടൂര്‍ണമെന്റില്‍ അപരാജിതരാണ്‌്. മറ്റൊരു വനിതാ വിഭാഗം മത്സരത്തില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സെക്കന്തരാബാദ് ഈസ്‌റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയെ തോല്‍പ്പിച്ചു. സ്‌കോര്‍: 84-73. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയ്‌ക്ക് വേണ്ടി രാജ്യാന്തര താരം പുഷ്‌പ സെന്തില്‍കുമാര്‍ 14 പോയിന്റും സാന്ദ്ര ഫ്രാന്‍സിസ് 12 പോയിന്റും നേടി. ഐ.സി.എഫ് ചെന്നൈയും സൗത്ത് സെന്‍ട്രല്‍ റെയില്‍വേയും തമ്മിലുള്ള അടുത്ത മത്സരത്തിലെ ജേതാക്കളാകും ഫൈനലില്‍ കെ.എസ്.ഇ.ബിയുടെ എതിരാളികള്‍.
പുരുഷ വിഭാഗത്തില്‍ സെമി ചിത്രം ഏകദേശം വ്യക്‌തമായി. ഗ്രൂപ്പ് എ യില്‍നിന്ന് ചെന്നൈ ടീമുകളായ ഇന്ത്യന്‍ ബാങ്കും ഐ.സി.എഫും കെ.എസ്.ഇ.ബിയും സെമിയിലിടം പിടിച്ചു. നേരത്തെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ബാങ്ക് ഐ.സി.എഫിനെ (88-75) തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ബിയില്‍നിന്ന് അവസാന സെമി സ്‌ഥാനത്തിനായി ഇന്ത്യന്‍ എയര്‍ഫോഴ്‌സും യങ് ഒറിയോണ്‍സ് ബാം?ൂരും തമ്മിലുള്ള പോരാട്ടം നിര്‍ണായകമാകും.





