
മഡ്‌ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ എഫ്.സി. ഗോവയ്‌ക്കും സ്‌പോര്‍ട്ടിങ് ഡല്‍ഹിക്കും ജയം.
എഫ്.സി. ഗോവ 3-1 ന് ഒഡീഷയെയും സ്‌പോര്‍ട്ടിങ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെയും തോല്‍പ്പിച്ചു. നോര്‍ത്ത്‌ഈസ്‌റ്റിനെ അവരുടെ തട്ടകമായ ഗുവാഹാത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണു സ്‌പോര്‍ട്ടിങ് തോല്‍പ്പിച്ചത്‌്. ജോസഫ് സണ്ണി ഇരട്ട ഗോളുകളും മുഹമ്മദ് അജ്‌മന്‍ ഒരു ഗോളുമടിച്ചു.
കളിയുടെ 51 ശതമാനം സമയത്തും പന്ത് കൈവശം വച്ചെങ്കിലും നോര്‍ത്ത് ഈസ്‌റ്റിന് ഒരു ഷോട്ടും ലക്ഷ്യത്തിലെത്തിക്കാനായില്ല. മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണു വീണത്. ഏഴ് കളികളില്‍നിന്ന് എട്ട് പോയിന്റുള്ള സ്‌പോര്‍ട്ടിങ് എട്ടാം സ്‌ഥാനത്തായി. കഴിഞ്ഞ മത്സരത്തില്‍ അവര്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചിരുന്നു.
ഏഴ് കളികളില്‍നിന്ന് ആറ് പോയിന്റുള്ള നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് 10-ാം സ്‌ഥാനത്താണ്. സ്വന്തം തട്ടകമായ ഫറ്റോര്‍ദ സ്‌റ്റേഡിയത്തിലാണ് ഗോവ ഒഡീഷയെ തോല്‍പ്പിച്ചത്. ഗോവയ്‌ക്കായി ദേജാന്‍ ഡ്രാസിച്, പോല്‍ മൊറീനോ, ബ്രിസണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോളടിച്ചു. ഒഡീഷയ്‌ക്കായി വി.പി. സുഹൈറാണു ഗോളടിച്ചത്. ഒഡീഷയായിരുന്നു പന്തടക്കത്തില്‍ മുന്നില്‍. എട്ട് കളികളില്‍നിന്നു 13 പോയിന്റ് നേടിയ ഗോവ അഞ്ചാം സ്‌ഥാനത്താണ്. ആറ് കളികളില്‍നിന്ന് ഒരു ജയം മാത്രമുള്ള ഒഡീഷ അഞ്ച് പോയിന്റുമായി 12-ാം സ്‌ഥാനത്താണ്.





