
കറാച്ചി: ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍ തികയ്‌ക്കുന്ന താരമായി പാകിസ്‌താന്റെ ബാബര്‍ അസം. വ്യാഴാഴ്‌ച കറാച്ചിയില്‍ നടന്ന നടന്ന പാകിസ്‌താന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ പെഷവാര്‍ സാല്‍മിക്ക് വേണ്ടി കളിക്കവെയാണു ബാബര്‍ അസം റെക്കോഡിട്ടത്.
338 ഇന്നിംഗ്‌സുകളില്‍ (351 മത്സരങ്ങള്‍) നിന്നാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. 343 ഇന്നിംഗ്‌സുകളില്‍ ഈ റെക്കോഡ് സ്വന്തമാക്കിയ വെസ്‌റ്റിന്‍ഡീസിന്റെ ക്രിസ് ഗെയിലിനെയാണ് ബാബര്‍ മറികടന്നത്. 360 ഇന്നിംഗ്‌സുകളില്‍ ഈ നാഴികക്കല്ല് പിന്നിട്ട വിരാട് കോഹ്‌ലി പട്ടികയില്‍ മൂന്നാം സ്‌ഥാനത്താണ്. പെഷവാര്‍ സാല്‍മിയും കറാച്ചി കിങ്‌സും തമ്മിലുള്ള മത്സരം തുടങ്ങും മുമ്പ് 12,000 ത്തിന് 13 റണ്‍ മാത്രം അകലെയായിരുന്നു ബാബര്‍. സാല്‍മി ഇന്നിംഗ്‌സിന്റെ നാലാം ഓവറില്‍ തന്നെ അദ്ദേഹം ഈ നേട്ടം സ്വന്തമാക്കി.
അതോടെ ട്വന്റി20യില്‍ 12,000 റണ്‍ കടക്കുന്ന രണ്ടാമത്തെ പാകിന്താന്‍ താരവുമായി. ഷുഐബ് മാലിക്കാണ് പട്ടികയില്‍ ഒന്നാമത്. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ബാബര്‍ 51 പന്തില്‍ രണ്ട് സിക്‌സറും 10 ഫോറുമുള്‍പ്പെടെ 87 റണ്ണുമായി പുറത്താകാതെനിന്നു. കുശല്‍ മെന്‍ഡിസിനൊപ്പം രണ്ടാം വിക്കറ്റില്‍ 191 റണ്ണിന്റെ വമ്പന്‍ കൂട്ടുകെട്ടും ബാബര്‍ പടുത്തുയര്‍ത്തി. പെഷവാര്‍ സാല്‍മി മൂന്നിന് 246 എന്ന കൂറ്റന്‍ സ്‌കോറിലെത്തി. മറുപടി ബാറ്റ് ചെയ്‌ത കറാച്ചി കിങ്‌സ് 87 റണ്ണിനു പുറത്തായി. 31 വയസുകാരനായ ബാബര്‍ അസം പാകിസ്‌താന്റെ മുന്‍ നായകനുമാണ്. 61 ടെസ്‌റ്റുകളും 140 ഏകദിനങ്ങളും 145 ട്വന്റി20 കളും കളിച്ചു. രാജ്യാന്തര ട്വന്‍്‌ി20 യില്‍ 38.94 ശരാശരിയില്‍ 4596 റണ്ണടുത്തു. മൂന്ന് സെഞ്ചുറികളും 39 അര്‍ധ സെഞ്ചുറികളും സ്വന്തമാണ്‌്.





