
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് അര്‍ജന്റീനക്കാരന്‍ വിങ്ങര്‍ ഫ്രാന്‍സിസ്‌കോ ഫ്യൂലാസിയര്‍ അബാലോയെ സ്വന്തമാക്കി. ആക്രമണനിരയ്‌ക്ക് കരുത്തു പകരുകയാണു ലക്ഷ്യം.
ഫ്രാഞ്ചു എന്നറിയപ്പെടുന്ന 27 വയസുകാരനായ അബാലോ വിവിധ യൂറോപ്യന്‍ ലീഗുകളില്‍ കളിച്ച പരിചയസമ്പത്തുമായാണു കൊച്ചിയിലെത്തുന്നത്. സ്‌പെയിനിലെ റയാല്‍ മാഡ്രിഡിന്റെ യൂത്ത് സിസ്‌റ്റത്തിലൂടെയാണു ഫ്രാഞ്ചു കളിച്ചു തുടങ്ങിയത്. മാഡ്രിഡ് കാസ്‌റ്റിയക്ക് വേണ്ടി സ്‌പാനിഷ് സെഗുണ്ട ഡിവിഷന്‍ ബിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. റയോ വല്ലകാനോ, എഫ്.സി ഫുവന്‍ലാബ്രഡ, എസ്.ഡി. ഐബര്‍, എഫ്.സി. കാര്‍ട്ടജീന എന്നീ ക്ലബുകള്‍ക്കായി സ്‌പെയിനിലെ വിവിധ ഡിവിഷനുകളില്‍ പന്തുതട്ടി.
സൈപ്രസിലെ കാര്‍മിയോട്ടിസ എഫ്.സിയില്‍ കളിച്ചു കൊണ്ടിരിക്കേയാണു കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി കരാറായത്. ഏഴ് കളികളില്‍നിന്ന് ഒരു പോയിന്റുമായി 13-ാം സ്‌ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സ് താരംതാഴ്‌ത്തല്‍ ഭീഷണിയിലാണ്. ആറ് കളികളും തോറ്റ മുഹമ്മദന്‍ സ്‌പോര്‍ട്ടിങാണ് ഏറ്റവും പിന്നില്‍ 14-ാം സ്‌ഥാനത്ത്. ബ്ലാസ്‌റ്റേഴ്‌സ് ഇന്നു നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ ബംഗളുരു എഫ്.സിയെ നേരിടാനിരിക്കുകയാണ്. ബംഗളുരുവിന്റെ തട്ടകമായ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിലാണു മത്സരം. ഏഴ് കളികളില്‍നിന്നു 14 പോയിന്റുള്ള ബംഗളുരു നാലാം സ്‌ഥാനത്താണ്. ബംഗളുരുവും ബ്ലാസ്‌റ്റേഴ്‌സും കോച്ചുമാരെ മാറ്റിയിരുന്നു. ബംഗളുരു കോച്ച് പെപ് മുനോസിന് ഇന്നു കന്നി മത്സരമാണ്.
ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ആഷ്‌ലെ വെസ്‌റ്റ്വുഡ് രണ്ടാമത്തെ മത്സരത്തിനാണിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഡല്‍ഹിയോട് 2-0 ത്തിനു തോറ്റെങ്കിലും ടീമിന്റെ പ്രകടനത്തില്‍ തൃപ്‌തനാണെന്നു കോച്ച് ആഷ്‌ലെ വെസ്‌റ്റ്വുഡ് പറഞ്ഞു. പുറത്താക്കിയ കോച്ച് ഡേവിഡ് കറ്റാല കൊണ്ടുവന്ന ആറ് വിദേശ താരങ്ങളില്‍ കെവിന്‍ യോക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചത്. ബംഗളുരുവിനെതിരേ ടീമിനെ മികച്ച പോരാട്ടത്തിലേക്കെത്തിക്കാന്‍ വെസ്‌റ്റുവുഡിനു സാധിക്കുമെന്നാണു കരുതുന്നത്. ഇത്തവണത്തെ പ്രധാന പ്രശ്‌നം ഒത്തിണക്കമില്ലാത്തതാണ്. ജയിക്കാനുള്ള ആവേശമില്ലാത്തത് ആരാധകരേയും നിരാശരാക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്‌മ മഞ്ഞപ്പട ഇനിയുള്ള എല്ലാ മത്സരങ്ങളും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിലൊന്നും ആരാധകര്‍ കളി കാണാന്‍ എത്തിയില്ല. തുടരന്‍ ജയങ്ങള്‍ നേടിയാല്‍ മാത്രമേ ആരാധകരുടെ വിശ്വാസം വീണ്ടെടുക്കാനാകു.





