
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ഇപ്പോള്‍ സംസാര വിഷയം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മധ്യനിര ബാറ്റര്‍ മുകുള്‍ ചൗധരിയാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ (27 പന്തില്‍ ഏഴ് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 54) നടന്ന കൈവിട്ടെന്നു തോന്നിച്ച മത്സരത്തില്‍ ലഖ്‌നൗവിനെ ജയിപ്പിച്ചത്‌് 21 വയസുകാരനായ മുകുള്‍ ചൗധരിയാണ്. ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്നു എം.എസ്. ധോണിയുടെ മാസ്‌റ്റര്‍ പീസ് ഹെലികോപ്‌റ്റര്‍ ഷോട്ട് മുകുള്‍ ചൗധരി പുറത്തെടുത്തിരുന്നു. യുവതാരത്തിന്റെ ബാറ്റിങ് മികവിലായിരുന്നു ലഖ്‌നൗ ടീമിന്റെ ജയം.
അവസാന രണ്ടോവറില്‍ ലഖ്‌നൗവിന് ജയിക്കാന്‍ 30 റണ്‍ വേണമായിരുന്നു. 19-ാം ഓവര്‍ എറിഞ്ഞ കാമറൂണ്‍ ഗ്രീനിനെ രണ്ട് സിക്‌സറിനും ഒരു ഫോറിനും പറത്തിയ മുകുള്‍ അവസാന ഓവറിലെ ലക്ഷ്യം 14 റണ്ണാക്കി. 20-ാം ഓവര്‍ എറിഞ്ഞ വൈഭവ് അറോറയെ രണ്ടുവട്ടം സിക്‌സറിന് പറത്തിയാണ് മുകുള്‍ ജയം പിടിച്ചെടുത്തത്. മുകുള്‍ ജയത്തിനു ശേഷം കൈകള്‍ കൂപ്പി ആകാശത്തേക്ക് നോക്കി ദൈവത്തിനും പിതാവ് ദലിപ് ചൗധരിക്കും നന്ദി പറഞ്ഞു. മുകുളിനെ ഒരു ക്രിക്കറ്ററാക്കാന്‍ ദലിപ് സഹിച്ചതു ഏറെ കഷ്‌ടതകള്‍.
രാജസ്‌ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഖേദാരോ കി ധാനി എന്ന ഗ്രാമക്കാരാണ് ദലിപും മുകുളും. മുകുള്‍ ജനിക്കുന്നതിന് മുമ്പ് തന്നെ അവനെ ഒരു ക്രിക്കറ്റ് താരമാക്കണമെന്ന് ദലിപ് തീരുമാനിച്ചിരുന്നു. മകന്റെ ക്രിക്കറ്റ് പരിശീലനത്തിനായി അദ്ദേഹം സ്വന്തം വീട് 21 ലക്ഷം രൂപയ്‌ക്ക് വിറ്റു. പോരാഞ്ഞ് വലിയൊരു തുക വായ്‌പയായി എടുക്കുകയും ചെയ്‌തു. വായ്‌പ തിരിച്ചടക്കാന്‍ കഴിയാതെ ജയിലില്‍ പോകേണ്ടിയും വന്നു. ദലിപ് ചൗധരിയെ അടുത്ത ബന്ധുക്കള്‍ പോലും ഭ്രാന്തന്‍ എന്നു വിളിിച്ചു. കൊല്‍ക്കത്തയ്‌ക്കെതിരേ വിജയ റണ്ണെടുത്തതോടെ ദലിപിനെതിരേയുള്ള ഭ്രാന്തന്‍ വിളികള്‍ക്ക് അറുതിയായി. വീട്ടില്‍നിന്ന് 70 കിലോ മീറ്റര്‍ അകലെയുള്ള സിക്കറിലെ അക്കാദമിയിലാണ് മുകുള്‍ പരിശീലനം തുടങ്ങിയത്. അണ്ടര്‍-23 ലിസ്‌റ്റ് എ ട്രോഫിയില്‍ 617 റണ്ണെടുത്തു ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. മുകുള്‍ (39) ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിക്കുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കുള്ള രാജസ്‌ഥാന്‍ ടീമില്‍ ഇടംനേടി. മിന്നും പ്രകടനം കാഴ്‌ചവച്ചതോടെ കഴിഞ്ഞ താര ലേലത്തില്‍ 2.60 കോടി രൂപയ്‌ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. മുകുളിന്റെ അടിസ്‌ഥാന വിലയുടെ 13 മടങ്ങ് അധികം തുകയാണ് ലഖ്‌നൗ മുടക്കിയത്. ധോണിയെ ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന മുകുള്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ്‌്. കളിച്ചു നേടുന്ന പണം കൊണ്ട് പിതാവിന്റെ വായ്‌പകളെല്ലാം വീട്ടുകയാണു ലക്ഷ്യമെന്ന് മുകുള്‍ പറഞ്ഞു. ഒരു മത്സരത്തില്‍ നിറംമങ്ങിയപ്പോള്‍ മുകുള്‍ നിരാശനായിരുന്നു. പിതാവിനു കൊടുത്ത വാക്ക് പാലിക്കാന്‍ കൊല്‍ക്കത്തയ്‌ക്കെതിരേ രണ്ടും കല്‍പ്പിച്ചു ബാറ്റ് ചെയ്യുകയായിരുന്നെന്നും താരം പറഞ്ഞു. മുകുള്‍ 2025-26 സീസണിലെ അണ്ടര്‍ 23 ലിസ്‌റ്റ് എ ട്രോഫിയില്‍ 142.49 സ്‌ട്രൈക്ക് റേറ്റില്‍ രണ്ട് സെഞ്ചുറികളും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 617 റണ്ണെടുത്തു. മുഷ്‌താഖ് അലി ട്രോഫിയില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച താരം 198.85 സ്‌ട്രൈക്ക് റേറ്റില്‍ 173 റണ്ണടിച്ചെടുത്തു. ലഖ്‌നൗവിനെതിരേ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നാല് വിക്കറ്റിന് 181 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ലഖ്‌നൗ അവസാന പന്തിലാണു വിജയ റണ്ണെടുത്തത്. കൊല്‍ക്കത്തയെ അംഗ്‌ക്രിഷ് രഘുവംശി (33 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറുമടക്കം 45), നായകനും ഓപ്പണറുമായ അജിന്‍ക്യ രഹാനെ (24 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 41), അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റോവ്‌മന്‍ പവല്‍ (24 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 39), കാമറൂണ്‍ ഗ്രീന്‍ (24 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 32) എന്നിവരുടെ ബാറ്റിങ്ങാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ ലഖ്‌നൗ നായകന്‍ ഋഷഭ് പന്ത് കൊല്‍ക്കത്തയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അവര്‍ക്കു തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലന്റെ (എട്ട് പന്തില്‍ ഒന്‍പത്‌്) വിക്കറ്റ് നഷ്‌ടമായി. പ്രിന്‍സ് യാദവ് അലനെ ദിഗ്‌വേഷ് സിങ് റാത്തിയുടെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രഹാനെയും രഘുവംശിയും ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു.





