
ലണ്ടന്‍: അന്താരാഷ്ട്ര നയതന്ത്ര കാര്യങ്ങളില്‍ ഉള്‍പ്പെടെ ഒരിക്കലും യോജിക്കാനാകാത്ത വൈരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ എവിടെ എതിരാളികളായാലും യുദ്ധ സമാനമായ ഒരു വാശി പ്രകടമാകാറുണ്ട്. ക്രിക്കറ്റിലും ഹോക്കിയിലും പ്രത്യേകിച്ചും. ഇംഗ്ളണ്ടില്‍ നടന്ന ചാമ്പ്യന്‍സ്ട്രോഫി ക്രിക്കറ്റിലും ഇതിന് മാറ്റം ഉണ്ടായിരുന്നില്ല. കളി പാകിസ്താന് ജയിച്ചതിന് പിന്നാലെ ഓവലിലെ സ്റ്റേഡിയത്തിലും പുറത്തുമെല്ലാം ഇരു രാജ്യങ്ങളുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടേയിരുന്നു.
പിതാവിനെ പരാമര്‍ശിച്ച പാക് ആരാധകന് നേരെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരം മൊഹമ്മദ് ഷമി പാഞ്ഞടുക്കുന്ന വീഡിയോയ്ക്ക് പിന്നാലെ ഇന്ത്യാ പാക് ആരാധകര്‍ ലണ്ടനിലെ തെരുവില്‍ ചേരി തിരിഞ്ഞ് അടിക്കുന്ന വീഡിയോയാണ് പുതിയതായി വാര്‍ത്തയാകുന്നത്. രണ്ടായി എത്തിയ ആരാധകര്‍ അവിടെയെത്തി പരസ്പരം ഏറ്റുമുട്ടുന്നതാണ് ദൃശ്യം. സ്ഥലത്ത് പെട്ടെന്ന് തന്നെ പോലീസ് ഇടപെടുകയും ബഹളം തടയുകയും ചെയ്യുന്നുണ്ട്. മറ്റൊരു ദൃശ്യത്തില്‍ രണ്ടു വരികളിലായി നില്ക്കുന്ന ആരാധകര്‍ അങ്ങോട്ടുമിങ്ങോട്ടും സാധനങ്ങള്‍ വലിച്ചെറിയുന്നതും കാണാം.
നേരത്തേ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ മുഹമ്മദ് ഷമിയോട് ആരാധകന് പിതാവ് ആരാണെന്ന് ചോദിക്കുന്നതും ഷമി മുന്നോട്ട് വരുന്നതിന്റെയും വീഡിയോ ആരാധകര്‍ കണ്ടിരുന്നു. ഇതിന് പിന്നാലെ കോഹ്ലി നടന്നുവരുമ്പോള്‍ മോശമായി ഒരു പാക് ആരാധകന് സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഒടുവിലാണ് ഇരു ആരാധകരും തെരുവില്‍ ഏറ്റുമുട്ടുന്ന ദൃശ്യം. അതേസമയം എല്ലാ ആരാധകര്‍ ഇങ്ങിനെയാണെന്ന് കരുതരുത്. സ്റ്റേഡിയത്തില്‍ തോളില്‍ കയ്യിട്ട് നില്ക്കുന്ന ആരാധകരുടെ വീഡിയോയും ഉണ്ട്. പരസ്പരം സ്നേഹത്തോടെ ഇന്ത്യയ്ക്കും പാകിസ്താനും സിന്ദാബാദ് വിളിക്കുന്ന ആരാധകരാണ് ഇവര്‍.





