
തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് എം.എല്‍.എയുടെ പങ്കും അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. നടിക്ക് മുകേഷുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും കേസിലെ പള്‍സര്‍ സുനി ഇതിന് മുമ്പ് മുകേഷിന്റെ ഡ്രൈവറായിരുന്നു. ഇക്കാര്യങ്ങള്‍ മാത്രം മതി മുകേഷിന് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കാന്‍ എന്നും എം.ടി രമേശ് പറഞ്ഞു.
അക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതെ അവരെ അവഹേളിക്കാന്‍ കൂട്ടു നിന്ന ജനപ്രതിനിധികളായ മുകേഷും, ഇന്നസെന്റും ഗണേഷും രാജിവെയ്ക്കണമെന്നും പൊതു സമൂഹത്തിന്റെ വോട്ട് തേടിയാണ് ഇവര്‍ ജനപ്രതിനിധികളായതാണെന്നും ഓര്‍ക്കണമെന്നും രമേശ് പറഞ്ഞു.
ഇരയെ അവഹേളിക്കാനും അതിനെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറാനും ഇവര്‍ തയ്യറായി എന്നും അദ്ദേഹം പറഞ്ഞു. ആക്രമണ കേസുമായി ഇവര്‍ക്ക് പങ്കുള്ളതാണോ ഈ ഉറഞ്ഞു തുള്ളലിന് കാരണമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.






